| Tuesday, 21st June 2022, 4:31 pm

2022 മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരെ നെതര്‍ലന്‍ഡസ് ടീമില്‍, 2022 ഓഗസ്റ്റില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ന്യൂസിലാന്‍ഡ് ടീമില്‍; വല്ലാത്തൊരു മനുഷ്യന്‍ തന്നെയെടോ

സ്പോര്‍ട്സ് ഡെസ്‌ക്

2022 ജൂലൈ – ഓഗസ്റ്റ് മാസത്തില്‍ നടക്കുന്ന ന്യൂസിലാന്‍ഡിന്റെ യൂറോപ്യന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ച് മുന്‍ നെതര്‍ലന്‍ഡ്‌സ് ഓള്‍ റൗണ്ടര്‍ മൈക്കല്‍ റിപ്പണ്‍. നെതര്‍ലന്‍ഡ്‌സിന്റെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായിരുന്നു കേപ് ടൗണ്‍ സ്വേദേശിയായ റിപ്പണ്‍.

ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്ന് ഏകദിന മത്സരമടക്കം 31 തവണയാണ് താരം ഡച്ച് ടീമിന്റെ ദേശീയ ജേഴ്‌സിയണിഞ്ഞത്.

ഒരു ദേശീയ ടീമില്‍ കളിക്കുന്നതിനോടൊപ്പം തന്നെ ഒരു അസോസിയേറ്റ് രാജ്യത്തിനായും കളിക്കാം എന്ന ഐ.സി.സിയുടെ എലിജിബിലിറ്റി റൂള്‍സ് അടിസ്ഥാനമാക്കിയായിരുന്നു റിപ്പണ്‍ നെതര്‍ലന്‍ഡ്‌സിനായി കളിച്ചിരുന്നത്.

എന്നാല്‍ സ്വന്തം ടീമില്‍ ഫുള്‍ മെമ്പറായി സ്ഥാനക്കയറ്റം ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് അസോസിയേറ്റ് രാജ്യത്തിനായി കളിക്കാന്‍ സാധിക്കില്ല.

ജൂലൈ 10 മുതല്‍ 15 വരെ അയര്‍ലാന്‍ഡിനെതിരായി നടക്കുന്ന മത്സരങ്ങളില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റനെറിന് പകരം ടോം ലാഥമിന് കീഴിലാവും കിവി പട മത്സരത്തിനിറങ്ങുക.

ബെല്‍ഫാസ്റ്റില്‍ അയര്‍ലാന്‍ഡിനെതിരെ മൂന്ന് ടി-20 മത്സരങ്ങളും ഈഡന്‍ബര്‍ഗില്‍ സ്‌കോട്‌ലന്‍ഡിനെതിരെ രണ്ട് ടി-20യും ഒരു ഏകദിനവുമാണ് ബ്ലാക് ക്യാപ്‌സ് കളിക്കുന്നത്.

ഇതിന് പുറമെ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ ആംസ്റ്റര്‍ഡാമില്‍ വെച്ച് നെതര്‍ലന്‍ഡ്‌സിനെതിരെ രണ്ട് ടി-20യും ന്യൂസിലാന്‍ഡ് കളിക്കും.

സൂപ്പര്‍ താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഡെവോണ്‍ കോണ്‍വേ എന്നിവര്‍ ന്യൂസിലാന്‍ഡിന്റെ യൂറോപ്യന്‍ ടൂറില്‍ ഉണ്ടായിരിക്കില്ല. ഇംഗ്ലണ്ടുമായി നടക്കുന്ന പരമ്പരയ്ക്ക് ശേഷം ഇവര്‍ തിരികെ ന്യൂസിലാന്‍ഡിലേക്ക് മടങ്ങും.

ന്യൂസിലാന്‍ഡ് ഏകദിന ടീം: ടോം ലാഥം (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെയ്ന്‍ ക്ലീവര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, മാറ്റ് ഹെന്റി, ആദം മില്‍നെ, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍, വില്‍ യങ്

ന്യൂസിലാന്‍ഡ് ടി-20 ടീം: മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെയ്ന്‍ ക്ലീവര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്ടല്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ റിപ്പണ്‍, ബെന്‍ സിയേഴ്സ്, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍

Content Highlight: Former Netherlands All rounder Micheal Rippon included in New Zealand’s European Tour

We use cookies to give you the best possible experience. Learn more