| Sunday, 21st March 2021, 11:13 am

നേമത്ത് കോണ്‍ഗ്രസുകാര്‍ വോട്ടുകച്ചവടം നടത്തിയെന്ന് അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.സുരേന്ദ്രന്‍ പിള്ള; മുരളീധരനും സൂക്ഷിച്ചോളൂവെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേമത്ത് വോട്ടുകച്ചവടം നടന്നുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.സുരേന്ദ്രന്‍ പിള്ള. 2016ല്‍ കോണ്‍ഗ്രസുകാര്‍ നേമത്ത് വോട്ടു കച്ചവടം നടത്തിയെന്നും സംസ്ഥാന നേതാക്കള്‍ തന്നെ ഇതിന് നേതൃത്വം നല്‍കിയെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

ഘടക കക്ഷികള്‍ക്ക് സീറ്റുകൊടുക്കുക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ഈ വോട്ട് മറിക്കുന്നതിന് കോണ്‍ഗ്രസുകാര്‍ക്ക് അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രതിഫലം ലഭിക്കുമെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ചിലര്‍ക്ക് ചിലയിടത്ത് വിജയിക്കാനായി ചിലരെ ബലിയാടാക്കുകയാണ് യു.ഡി.എഫ് ചെയ്തത് എന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

‘ യു.ഡി.എഫിന്റെ ഒരു പ്രമുഖ നേതാവ് നേമത്ത് നാമനിര്‍ദേശം നല്‍കാന്‍ പറഞ്ഞപ്പോള്‍ മത്സരിക്കുന്നില്ലെന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്. യു.ഡി.എഫിനെ എനിക്കറിയാവുന്നത് കൊണ്ടുകൂടിയായിരുന്നു അത്. എന്നാലിപ്പോള്‍ യു.ഡി.എഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ നിന്നത്. ചിലര്‍ക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയണ് യുഡിഎഫ് ചെയ്തത്’ സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

നേമത്ത് വോട്ടുകച്ചവടം നടന്നെന്ന് അവിടെ വിജയിച്ച ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ശ്രദ്ധിക്കണം. ഞാന്‍ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാമെന്നും വി. സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ്-ബി.ജെ.പി ധാരണയുണ്ടായിരുന്നെന്ന് ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കഴിഞ്ഞ തവണത്തെ ധാരണയെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ കഴിഞ്ഞ തവണ തനിക്ക് ലഭിച്ചിരുന്നുവെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former Nemam UDF candidate V.Surendran Pilla admits Congress-BJP Undesrtanding

We use cookies to give you the best possible experience. Learn more