പി.സി. ചാക്കോ 65 ലക്ഷം കൈക്കൂലി വാങ്ങി; ആരോപണവുമായി എന്‍.സി.പി മുന്‍ ദേശീയ സെക്രട്ടറി
Kerala News
പി.സി. ചാക്കോ 65 ലക്ഷം കൈക്കൂലി വാങ്ങി; ആരോപണവുമായി എന്‍.സി.പി മുന്‍ ദേശീയ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2022, 11:42 pm

കൊച്ചി: എന്‍.സി.പി അധ്യക്ഷന്‍ പി.സി. ചാക്കോക്കെതിരെ അഴിമതി ആരോപണവുമായി പാര്‍ട്ടി മുന്‍ ദേശീയ സെക്രട്ടറി. പി.സി. ചാക്കോ 65 ലക്ഷം കൈക്കൂലി വാങ്ങിയതായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എന്‍.എ. മുഹമ്മദ് കുട്ടിയാണ് ആരോപണമുന്നയിച്ചത്.

പി.എസ്.സി മെമ്പര്‍ നിയമനത്തില്‍ ചാക്കോ 65 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് മുഹമ്മദ് കുട്ടി ആരോപിക്കുന്നത്. മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എറണാകുളത്തുനിന്നുള്ള ഒരു വനിത നേതാവ് പി.എസ്.സി മെമ്പര്‍ സ്ഥാനത്തിനായി ആവശ്യപ്പെട്ട 50 ലക്ഷത്തില്‍ 20 ലക്ഷം നല്‍കിയെന്നും എന്നാല്‍ ഇവരെ തള്ളിയാണ് ചാക്കോ പണം വാങ്ങിയ വ്യക്തിയെ മെമ്പറാക്കിയതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു.

പരാതിയുമായി ബന്ധപ്പെട്ട് മുഹമ്മദ് കുട്ടി ശബ്ദരേഖ പുറത്തുവിട്ടെന്നും മുന്‍ എന്‍.സി.പി നേതാവ് ബിജു ആബേലുമായി സംസാരക്കുന്നതാണ് ശബ്ദ രേഖയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാക്കോ പാര്‍ട്ടിയില്‍ വന്നത് മുതല്‍ കാര്യങ്ങള്‍ നടക്കുന്നത് പണത്തിന്റെ സ്വാധീനത്തിലാണെന്നും എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ പാര്‍ട്ടിയുടെ അധ്യക്ഷനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് പി.സി. ചാക്കോ വീണ്ടും എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് എന്‍.എ. മുഹമ്മദ് കുട്ടി ഇറങ്ങിപോയിരുന്നു.

കൈകള്‍ ഉയര്‍ത്തിയാണ് വോട്ടെടുപ്പ് നടന്നത്. ഇത് ജനാധിപത്യ രീതിയല്ല എന്ന് ആരോപിച്ചാണ്
മത്സരരംഗത്ത് ഉണ്ടായിരുന്ന മുഹമ്മദ് കുട്ടി ഇറങ്ങിപോയിരുന്നത്.