തിരുവനന്തപുരം: ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് സംബന്ധിച്ച പരാതി ഉന്നയിച്ച വെമ്പായം നസീര്‍ ഐ.എന്‍.എല്ലിലേക്ക്. കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി ഉന്നയിച്ച തന്നെ ലീഗ് നേതൃത്വം പരിഗണിച്ചില്ലെന്നും മെമ്പര്‍ഷിപ്പില്ലാത്തവനാണെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നുവെന്നും നസീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സംഘി കോണ്‍ഗ്രസുകാരനെ രക്ഷപ്പെടുത്താന്‍ ലീഗ് സ്വന്തം പ്രവര്‍ത്തകനെ തള്ളിയെന്നും വെമ്പായം നസീര്‍ പറഞ്ഞു.
‘ഞാന്‍ ലീഗിന്റെ ഭാരവാഹിയാണ്. എനിക്ക് ലീഗില്‍ മെമ്പര്‍ഷിപ്പുണ്ട്. ലീഗിന്റെ കൊടിയുടെ മാനം രക്ഷിക്കുകയാണ് ഞാന്‍ ചെയ്തത്. അതിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയിട്ട് ഉചിതമായ നടപടിയെടുത്തില്ല. മെമ്പര്‍ഷിപ്പ് പോലുമില്ലാത്തവന്‍ എന്ന് പറഞ്ഞ് എന്നെ തള്ളുകയാണുണ്ടായത്,’ വെമ്പായം നസീര്‍ പറഞ്ഞു.
ലീഗില്‍ നിന്ന് പുറത്തുപോയ താന്‍ ഐ.എന്‍.എലുമായി സഹകരിക്കുമെന്നും നസീര്‍ പറഞ്ഞു.
‘പച്ചയെ സ്‌നേഹിച്ച വെമ്പായം നസീര്‍, പച്ചയെ ഹൃദയത്തോട് ചേര്‍ത്തുവെച്ച വെമ്പായം നസീര്‍, ഇടുപക്ഷത്തെ പച്ചയായ ഐ.എന്‍.എല്ലിലേക്ക് പോകുന്നു. പച്ചയില്‍ നിന്ന് പച്ചയിലേക്ക് പോകുന്നു. കോണ്‍ഗ്രസുകാര്‍ ആട്ടിയോടിപ്പിച്ചത് പോലെ ഇടതുപക്ഷം ആട്ടിയോടിപ്പിക്കില്ലെന്ന് ഉറപ്പുണ്ട്,’ വെമ്പായം നസീര്‍ പറഞ്ഞു.
അതേസമയം, വെമ്പായം നസീറിന് ലീഗുമായി ബന്ധമില്ലെന്നും അദ്ദേഹം പഴയ ഡി.വൈ.എഫ്.ഐക്കാരനാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
‘അങ്ങനെ ആരോപണമുന്നയിച്ചയാള്‍ക്ക് ലീഗുമായി ബന്ധമില്ല. അയാള്‍ കൈരളി ചാനലില്‍ പോയിയിരുന്നാണ് കരയുന്നത്. അതിനര്‍ത്ഥം ഈ സംഭവസ്ഥലത്ത് ഒരു ചാനലും ഉണ്ടായിട്ടില്ല. സംഭവം കണ്ട ഒരു മനുഷ്യനും ഇല്ല. ഇയാള്‍ പഴയ ഡി.വൈ.എഫ്.ഐക്കാരനാണ്. അതില്‍ നിന്ന് പുറത്താക്കിയിട്ടോ രാജിവെച്ചിട്ടോ ഞങ്ങളുടെ തൊഴിലാളി വിഭാഗത്തിന്റെ കൂടെ പ്രവര്‍ത്തിച്ചയാളാണ്. അതില്‍ നിന്നും സഹിക്കാന്‍ കഴിയാഞ്ഞിട്ട് പുറത്താക്കി വിട്ടതാണ്.
അയാള്‍ക്ക് ലീഗുമായി ബന്ധമില്ല. ആറ്റിപ്ര എന്ന് പറയുന്ന പ്രദേശം ലീഗിന്റെ ശക്തി കേന്ദ്രമാണ്. ഈ സംഭവം നടന്ന വാര്‍ഡ് ലീഗിന് ജനപ്രതിനിധിയുണ്ടായിരുന്ന വാര്‍ഡാണ്.ഈ ലീഗുകാരൊന്നും അറിയാതെ മറ്റൊരു മണ്ഡലത്തില്‍ നിന്ന് വന്ന ഇയാള്‍ ലീഗിന് വേണ്ടി വാദിച്ചു എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഇത് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു എന്ന് പറയുന്നത് പോലെ കൈരളിയും സി.പി.ഐ.എമ്മും ഉണ്ടാക്കിയെടുത്ത കള്ളക്കഥയാണ്,’ എന്നായിരുന്നു പി.എം.എ. സലാം പറഞ്ഞിരുന്നത്.