കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.സിദ്ദീഖിനെ തോല്‍പ്പിക്കാന്‍ ലീഗ് ജില്ലാ സെക്രട്ടറി പണം വാഗ്ദാനം ചെയ്തിരുന്നതായി എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജല്‍.
മീഡിയവണിനോടായിരുന്നു ഷൈജലിന്റെ പ്രതികരണം.
കല്‍പറ്റ മണ്ഡലത്തില്‍ സിദ്ദീഖിനെ തോല്‍പ്പിക്കാന്‍ ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കലിന്റെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തിലേക്ക് വിളിപ്പിച്ച് അര ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഷൈജലിന്റെ വെളിപ്പെടുത്തല്‍.
പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞതിന് പിന്നില്‍ ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കലാണെന്നും ഷൈജല്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലെ ലീഗ് ജില്ലാ ഓഫീസില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുട്ടില്‍ ഡബ്‌ള്യൂ.എം.ഒ കോളേജില്‍ വെച്ച് തന്നെ യൂത്ത് ലീഗ് നേതാവ് മര്‍ദിച്ചത് ചോദിക്കാന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോള്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഷൈജലിന്റെ ആരോപണം.
എന്നാല്‍, ഷൈജലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ലീഗ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ഷൈജലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
അതേസമയം എം.എസ്.എഫ് ഹരിത വിഷയത്തിന് ശേഷം ജില്ലാ സെക്രട്ടറി യഹ്യാ ഖാന്‍ നിരന്തരമായി ഉപദ്രവിച്ചുവെന്നാണ് ഷൈജല്‍ പറയുന്നത്.
ഹരിത വിവാദത്തില്‍ നേതൃത്വത്തോട് ഇടഞ്ഞ് നിന്നിരുന്ന ഷൈജലിനെതിരെ സെപ്റ്റംബറില്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഷൈജലിനെ എം.എസ്.എഫിന്റെയും ലീഗിന്റെയും ഭാരവാഹി സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു.
ഹരിതയുടെ പരാതി പി.എം.എ സലാം കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നുവെന്ന് ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയ എട്ട് എം.എസ്.എഫ് നേതാക്കളിലൊരാളായിരുന്നു ഷൈജല്‍. ഇതിന് പിന്നാലെയാണ് ഷൈജലിനെതിരെ സംഘടനാ നടപടിയുമായി ലീഗ് നേതൃത്വം മുന്നോട്ട് പോയത്.