കാവി സഖാക്കളും അല്ലാത്തവരും; കേരളത്തിലുള്ളത് രണ്ട് തരം സഖാക്കളെന്ന് ഫാത്തിമ തഹ്‌ലിയ
Kerala News
കാവി സഖാക്കളും അല്ലാത്തവരും; കേരളത്തിലുള്ളത് രണ്ട് തരം സഖാക്കളെന്ന് ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th February 2022, 7:57 pm

കോഴിക്കോട്: പുറമേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂടുപടമണിഞ്ഞ സംഘികളായവര്‍ സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എം.എസ്.എഫ് മുന്‍ ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹ്‌ലിയ.

കേരളത്തില്‍ രണ്ടുതരം സഖാക്കളെ നമുക്ക് കാണാനാകും. ഒന്ന് സി.പി.ഐ.എമ്മിന്റെ അണികളായ സാധാരണ സഖാക്കളും രണ്ടാമത്തേത് കാവി സഖാക്കളും. യഥാര്‍ത്ഥ സഖാക്കള്‍ സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിലകൊള്ളുമ്പോള്‍ കാവി സഖാക്കള്‍ പാര്‍ട്ടി നിലപാടിനു വിപരീതമായി സംഘപരിവാര്‍ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തൊന്ന് ആയി ഉയര്‍ത്തുന്നതിനെ സി.പി.ഐ.എം ഔദ്യോഗികമായി എതിര്‍ക്കുന്നു. എങ്കിലും കാവി സഖാക്കള്‍ ബി.ജെ.പിയുടെ നിലപാടിനൊപ്പം നിന്ന് വിവാഹപ്രായം 21 ആക്കുന്നതിന് അനുകൂലിക്കുകയാണ് ചെയ്യുക.

മീഡിയ വണ്‍ വിലക്കില്‍ സി.പി.ഐ.എം അപലപിച്ചു എങ്കിലും അത് വിലക്കിയത് നന്നായി എന്നാകും കാവി സഖാവ് പറയുക. ഹിജാബ് ധാരികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ സി.പി.ഐ.എം ഔദ്യോഗികമായി നിലപാട് എടുത്താലും ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഹിജാബ് നിരോധനത്തെ അനുകൂലിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്,’ തഹ്‌ലിയ പറഞ്ഞു.

പുറമേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂടുപടമണിഞ്ഞ ഇക്കൂട്ടര്‍ യഥാര്‍ത്ഥത്തില്‍ നല്ല അസ്സല്‍ സംഘികളാണ്. ബംഗാളിലും ത്രിപുരയിലും അവസ്ഥ ഇതുതന്നെയായിരുന്നു. പുറമേക്ക് സഖാക്കള്‍ എന്ന് പറഞ്ഞു നടന്നവര്‍ പലരും നല്ല ഒന്നാം തരം സംഘികള്‍ ആയിരുന്നുയെന്നും അവര്‍ പറഞ്ഞു.

‘അതുകൊണ്ടാണ് ഒരു സുപ്രഭാതത്തില്‍ പതിറ്റാണ്ടുകളായി കൈയടക്കിയിരുന്ന സംസ്ഥാന ഭരണം ബി.ജെ.പി തട്ടിയെടുത്തത്. കേരളത്തിലെ സി.പി.ഐ.എമ്മിനും ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ വരില്ലെന്ന് ആരു കണ്ടു!,’ തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.