| Thursday, 10th March 2022, 5:09 pm

ഫാസിസം മുച്ചൂടും മുടിക്കുമ്പോഴും കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ ചിലര്‍ സന്തോഷിക്കുകയാണ്: ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ ചിലര്‍ ആനന്ദംകണ്ടെത്തുകയാണെന്ന വിമര്‍ശനവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

കോണ്‍ഗ്രസ് വിരുദ്ധത എന്ന ഒറ്റ പോയിന്റില്‍ രാഷ്ട്രീയത്തെ കാണുന്നവരോട് ഒന്നും പറയാനില്ലെന്നും തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.

‘സംഘപരിവാരത്തിന്റെ എ, ബി ടീമുകളായ ബി.ജെ.പിയും ആപ്പും വിജയം കരസ്ഥമാക്കുന്നു.
സഖാക്കളെ, ഇന്ന് നിങ്ങളുടെ ദിവസമാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ സന്തോഷിക്കുക, ആനന്ദനൃത്തം ചവിട്ടുക.

ഫാസിസം മുച്ചൂടും മുടിക്കുമ്പോഴും കോണ്‍ഗ്രസ് വിരുദ്ധത എന്ന ഒറ്റ പോയിന്റില്‍ രാഷ്ട്രീയത്തെ കാണുന്ന നിങ്ങളോട് മറ്റെന്ത് പറയാന്‍,’ ഫാത്തിമ തഹ്‌ലിയ എഴുതി.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസിന് നിര്‍ണായകമായിരുന്ന പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടി(എ.എ.പി) അധികാരത്തിലേക്കടുക്കുകയാണ്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എ.എ.പി പഞ്ചാബില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 91 സീറ്റിലും എ.എ.പി മുന്നേറുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റിലും ശിരോമണി അകാലിദള്‍ ആറു സീറ്റിലും ലീഡ് ചെയ്യുന്നു.

ബി.ജെ.പി സഖ്യം രണ്ട് സീറ്റിലാണ് മുന്നില്‍. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ദല്‍ഹിക്ക് പുറത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എ.എ.പി ഭരണത്തിലേക്ക് വരുന്നത്. എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് സിങ് മാന്‍ ധൂരിയില്‍ തകര്‍പ്പന്‍ വിജയം നേടി.ഗോവയില്‍ ഇത്തവണയും ബി.ജെ.പി സര്‍ക്കാര്‍ വരുമെന്ന സാധ്യതയേറി.

മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരത്തില്‍ വീണ്ടും എത്തുന്നത്. 40 സീറ്റുകളുള്ള ഗോവയില്‍ നിലവില്‍ 19 സീറ്റുകളിലാണ് ബി.ജെ.പി ജയം. ഇതിനൊപ്പം മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ച ബി.ജെ.പി കേവല ഭൂരിപക്ഷമെന്ന 21 കടന്നു. ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനെ പിന്നിലാക്കി ഭരണം ഉറപ്പിച്ച് ബി.ജെ.പി മുന്നേറുകയാണ്.

Content Highlights:  Former MSF National Vice President Fathima Tahliya has criticized some for taking pleasure in the poor performance of the Congress.

We use cookies to give you the best possible experience. Learn more