| Tuesday, 23rd November 2021, 2:14 pm

സംഘപരിവാര്‍ അജണ്ട മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള സാമ്പത്തിക ഉപരോധം; പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും; ഹലാല്‍ വിവാദത്തില്‍ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. മുസ്‌ലിങ്ങള്‍ക്ക് നേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്ന അജണ്ടയോട് കൂടെയാണ് കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ദേശീയതലത്തിലും മുസ്‌ലിങ്ങള്‍ ഉടമകളായ ഐ.ഡി. ഫ്രഷ് പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ അടുത്ത കാലത്തായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈയടുത്തകാലത്തായി ഉണ്ടാക്കിയ ഹലാല്‍ വിവാദവും ആ ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണ്.

അത്യന്തം വിദ്വേഷം നിറഞ്ഞ ഒരു സാമൂഹിക പശ്ചാത്തലത്തിലേക്കാണ് സംഘപരിവാര്‍ നമ്മുടെ നാടിനെ കൊണ്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു.

സൈബര്‍ രംഗത്ത് നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി മുന്നോട്ടുപോകുന്ന ബി.ജെ.പി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സി.പി.ഐ.എമ്മും രംഗത്തുവന്നിരുന്നു.

ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ തുപ്പല്‍ /കഫം ഇല്ലാതെ വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകള്‍ എന്ന പേരില്‍ ക്രിസംഘി ഗ്രൂപ്പുകള്‍ ചില ഹോട്ടലുകളുടെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് വിഷയത്തില്‍ നടത്തിയ പ്രതികരണവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്‌ലിങ്ങള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ് എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വേറിട്ട് അഭിപ്രായം പറഞ്ഞ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഒടുവില്‍ പോസ്റ്റ് മുക്കിയതും ചര്‍ച്ചയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Former MSF leader Fatima Tahlia responds to halal food controversy

Latest Stories

We use cookies to give you the best possible experience. Learn more