കോഴിക്കോട്: ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. മുസ്‌ലിങ്ങള്‍ക്ക് നേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്ന അജണ്ടയോട് കൂടെയാണ് കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ദേശീയതലത്തിലും മുസ്‌ലിങ്ങള്‍ ഉടമകളായ ഐ.ഡി. ഫ്രഷ് പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ അടുത്ത കാലത്തായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈയടുത്തകാലത്തായി ഉണ്ടാക്കിയ ഹലാല്‍ വിവാദവും ആ ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണ്.
അത്യന്തം വിദ്വേഷം നിറഞ്ഞ ഒരു സാമൂഹിക പശ്ചാത്തലത്തിലേക്കാണ് സംഘപരിവാര്‍ നമ്മുടെ നാടിനെ കൊണ്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു.
സൈബര്‍ രംഗത്ത് നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി മുന്നോട്ടുപോകുന്ന ബി.ജെ.പി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സി.പി.ഐ.എമ്മും രംഗത്തുവന്നിരുന്നു.
ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.