| Tuesday, 25th January 2022, 4:02 pm

നേതൃസ്ഥാനത്ത് ഞങ്ങള്‍ ഉള്ളതുകൊണ്ടു മാത്രം എതിര്‍ക്കുന്നത് തരം താഴ്ന്ന പ്രവര്‍ത്തി; പുതിയ സംഘടനയുമായി ഹരിത മുന്‍ നേതാവ് മുഫീദ തസ്‌നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുതിയ എന്‍.ജി.ഒ രൂപീകരിക്കാനൊരുങ്ങി മുന്‍ ഹരിത സംസ്ഥാന ഭാരവാഹായ മുഫീദ തസ്‌നി. ഷീറോ (SHERO) എന്ന പേരിലാണ് പുതിയ സംഘടന രജസിറ്റല്‍ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഫീദ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഷീറോ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ലെന്നും മുഫീദ പറയുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയില്‍ അംഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ എന്‍.ജി.ഒ ആണിതെന്നും സ്ത്രീകള്‍, കുട്ടികള്‍ എന്നവരുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെയും ഉന്നമനത്തിനും ശാക്തീകരണത്തിനും ഊന്നല്‍ നല്‍കിയാണ് ഷീറോ പ്രവര്‍ത്തിക്കുന്നതെന്നും മുഫീദ വ്യക്തമാക്കുന്നു.

മുന്‍ ഹരിത ഭാരവാഹികള്‍ ഷീറോയുടെ നേതൃത്വത്തില്‍ ഉണ്ടെന്ന് കരുതി ഷീറോയെ എതിര്‍ക്കുന്നത് തരംതാഴ്ന്ന പ്രവര്‍ത്തിയാണെന്നും പോസ്റ്റില്‍ പറയുന്നു.

May be an image of one or more people and headscarf

‘മുന്‍ ഹരിത ഭാരവാഹികള്‍ ഷീറോയുടെ നേതൃത്വത്തില്‍ ഉണ്ട് എന്ന കാരണത്താല്‍ ഈ സംഘടനയെ മുന്‍വിധിയോടെ കാണുന്നതും എതിര്‍ക്കുന്നതും തരംതാഴ്ന്ന പ്രവൃത്തിയാണ്. ഞങ്ങള്‍ ഹരിതയിലിരിക്കെ തന്നെ രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചതാണീ എന്‍.ജി.ഒ. ഹരിതയില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമെല്ലാം ഇതിന്റെ ഭാഗമാകും,’ മുഫീദ എഴുതി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിന്‍മേലാണ് ഹരിതയുടെ മുന്‍ ഭാരവാഹിയായിരുന്ന മുഫീദ തസ്‌നിയടക്കമുള്ളവരെ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതും ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിടുന്നതും.

ഇതിന് പിന്നാലെ, ഇവര്‍ പുതിയ സംഘടനയുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കി മുഫീദ രംഗത്തു വന്നിരിക്കുന്നത്.

മുഫീദ തസ്‌നിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘SHERO’

1. SHERO ഒരു രാഷ്ട്രീയ സംഘടനയല്ല. (ഒരു രാഷ്ട്രീയ സംഘടനയുടെ കീഴിലുമല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്).

2 . വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ അംഗങ്ങളാണ്.

3. ഒരു Non Governmental Organization ആണ്. ലക്ഷ്യങ്ങള്‍ സ്ത്രീകളുടെ കുട്ടികളുടെ, TG മുതലയവരുടെ ഉന്നമനവും, ശാക്തീകരണവുമാണ് എന്നത് ബൈലോയില്‍ പറയുന്നുണ്ട്.

4. സോഷ്യോളജി, വുമണ്‍ സ്റ്റഡിസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി വിദ്യാര്‍ഥികള്‍ ചേര്‍ന്നു രൂപം നല്‍കിയ ഒരു NGO ആണ് SHERO.

5. ഏഴ് വര്‍ഷത്തെ ആലോചനയിലാണ് ഈ എന്‍.ജി.ഒ രൂപം കൊണ്ടത്. ഇന്നോ ഇന്നലെയോ അല്ല. ഒരുപാട് വര്‍ഷത്തെ ചിന്തയും പ്രവര്‍ത്തനവുമാണ് ഈ കൂട്ടായ്മ. അതിനെ ഏതാനും മാസത്തെ പരിശ്രമമായി ചുരുക്കിക്കെട്ടരുത്.

Nb: മുന്‍ ഹരിത ഭാരവാഹികള്‍ ഷീറോയുടെ നേതൃത്വത്തില്‍ ഉണ്ട് എന്ന കാരണത്താല്‍ ഈ സംഘടനയെ മുന്‍വിധിയോടെ കാണുന്നതും എതിര്‍ക്കുന്നതും തരംതാഴ്ന്ന പ്രവൃത്തിയാണ്. ഞങ്ങള്‍ ഹരിതയിലിരിക്കെ തന്നെ രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചതാണീ NGO. ഹരിതയില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമെല്ലാം ഇതിന്റെ ഭാഗമാകും.

Content highlight: Former MSF Haritha state president Mufeeda Thesni forms new NGO SHERO

We use cookies to give you the best possible experience. Learn more