കൊച്ചി: ഒരായിരം പ്രഫുല്‍ ഖോഡാ പട്ടേല്‍മാര്‍ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോരാടുമെന്ന് ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍.
വധശ്രമക്കേസില്‍ ജയില്‍ മോചിതനായതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ജയില്‍ മോചിതനായതിന് പിന്നാലെ ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി അറിയിച്ച മുന്‍ എം.പി, ജനപ്രതിനിധി എന്ന നിലയില്‍ ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനോ മൗനം പാലിക്കാനോ കഴിയില്ലെന്നും അതുകൊണ്ടാണ് ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതും ആ നടപടികള്‍ക്കെതിരെ പോരാടിയതെന്നും പറഞ്ഞു.
‘പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം നമ്മുടെ നാട്ടില്‍ സംഭവിച്ച ഭരണഘടനാ വിരുദ്ധമായ ലംഘനങ്ങളും, ജനവിരുദ്ധനയങ്ങളും നമ്മള്‍ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ വസ്തുതയാണ്.
നിങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയില്‍ അതൊന്നും കണ്ടില്ലന്ന് നടിക്കാനും, അവയ്‌ക്കെതിരെ മൗനം പാലിക്കാനും ലക്ഷദ്വീപിലെ എം.പി എന്ന നിലയില്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് നമ്മുടെ ജനത അനുഭവിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങള്‍ പാര്‍ലമെന്റില്‍ അടക്കം ഉന്നയിച്ചതും, ആ നടപടികള്‍ക്കെതിരെ പോരാടിയതും.
ഒന്നല്ല ഒരായിരം പ്രഫുല്‍ ഖോഡാ പട്ടേല്‍മാര്‍ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയെ ഒരു അപകടത്തിലേക്കും തള്ളിവിടില്ല എന്നത് പണ്ടേ എടുത്ത ദൃഢനിശ്ചയമാണ്. ജനപ്രതിനിധി എന്ന നിലയില്‍ അതിനുവേണ്ടി ഏതറ്റം വരെയും പോരാടാനും ഞാന്‍ പ്രാപ്തനായിരുന്നു,’ മുഹമ്മദ് ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെതിരായ തടവുശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവും ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ശിക്ഷാവിധിയും കോടതി സസ്‌പെന്‍ഡ് ചെയ്തു.
2009ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാഹിലിനെ ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ അടക്കം നാല് പേരെ 10 വര്‍ഷം തടവിന് വിധിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടെതായിരുന്നു ഉത്തരവ്.
ലക്ഷദ്വീപ് ജനതയോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും ഈ വേളയില്‍ ഞാന്‍ അര്‍പ്പിക്കുന്നു. നിങ്ങള്‍ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റിലേക്ക് അയച്ച വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ നമ്മുടെ നാടിനോ, നാട്ടുകാര്‍ക്കോ എതിരെ നീങ്ങുന്ന ഏതൊരു ചലനങ്ങള്‍ക്കുനെതിരെ ആദ്യം പ്രതികരിക്കുക, അല്ലെങ്കില്‍ അവസാനശ്വാസം വരെ പ്രതികരിക്കുക എന്നുള്ളത് എന്റെ കടമയും അര്‍പ്പണബോധവും ആണ്.
പ്രഫുല്‍ ഖോട പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം നമ്മുടെ നാട്ടില്‍ സംഭവിച്ച ഭരണഘടനാ വിരുദ്ധമായ ലംഘനങ്ങളും, ജനവിരുദ്ധനയങ്ങളും നമ്മള്‍ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ വസ്തുതയാണ്.
നിങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയില്‍ അതൊന്നും കണ്ടില്ലന്ന് നടിക്കാനും, അവയ്‌ക്കെതിരെ മൗനം പാലിക്കാനും ലക്ഷദ്വീപിലെ എം.പി എന്ന നിലയില്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് നമ്മുടെ ജനത അനുഭവിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങള്‍ പാര്‍ലമെന്റില്‍ അടക്കം ഉന്നയിച്ചതും, ആ നടപടികള്‍ക്കെതിരെ പോരാടിയതും.
ഒന്നല്ല ഒരായിരം പ്രഫുല്‍ ഖോഡ പട്ടേല്‍മാര്‍ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയെ ഒരു അപകടാവസ്ഥയിലേക്കും തള്ളിവിടുകയില്ലെന്നുള്ളത് പണ്ടേ എടുത്ത ദൃഢനിശ്ചയമാണ്. അതിനുവേണ്ടി ഏതറ്റം വരെ പോരാടാനും നിങ്ങള്‍ തെരഞ്ഞെടുത്ത എം.പി എന്ന നിലയില്‍ ഞാന്‍ പ്രാപ്തനായിരുന്നു.
എന്നെ ജയിലറിയിലേക്ക് തള്ളി വിടുമ്പോഴും, എനിക്കെതിരെ കഥകള്‍ മനയുമ്പോഴും ഒന്ന് മനസില്‍ ബോധ്യമായിരുന്നു. സത്യം അത് മറനീക്കി പുറത്തുവരും എന്നുള്ളത്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന പോലെ തന്നെ അള്ളാഹു തിന്മയ്‌ക്കെതിരെ നന്മയെ മുമ്പിലെത്തിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും, വിശ്വാസ്യതക്കും, സ്‌നേഹത്തിനും ഒരുപാട് ഒരുപാട് നന്ദി. അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. ഏതൊരു ആപല്‍ ഘട്ടത്തിലും.
എന്ന് സ്വന്തം
മുഹമ്മദ് ഫൈസല്‍