ഹരിയാനയില്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ തിരിച്ചടി; മുന്‍ എം.പിയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്
natioanl news
ഹരിയാനയില്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ തിരിച്ചടി; മുന്‍ എം.പിയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 7:42 pm

ചണ്ഡീഗഡ്: ഹരിയാനയില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ട് ബി.ജെ.പി. മുന്‍ എം.പിയും ഒ.ബി.സി നേതാവുമായ കൈലാഷോ സൈനി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സാന്നിധ്യത്തിലാണ് കൈലാഷോ സൈനി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് സൈനിയുടെ പാര്‍ട്ടിമാറ്റം.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് അബദ്ധമായിരുന്നുവെന്നും പൊതു ജനക്ഷേമത്തെ കുറിച്ച് അവര്‍ക്ക് യാതൊരു വേവലാതിയുമില്ലെന്നും കോണ്‍ഗ്രസില്‍ തിരിച്ചു വന്നതിന് പിന്നാലെ കൈലാഷോ സൈനി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസാണ് താന്‍ കണ്ടതില്‍ വെച്ച് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്നും സൈനി കൂട്ടിച്ചേര്‍ത്തു.

പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പോരാടുമ്പോള്‍ ഭരണഘടന മാറ്റാനാണ് ബി.ജെ.പി ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരു ഉപാധികളുമില്ലാതെയാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും കൈലാഷോ സൈനി പറഞ്ഞു. മെയ് 25ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ കുരുക്ഷേത്രയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുശീല്‍ ഗുപ്തയ്ക്കായി താന്‍ പ്രചാരണം നടത്തുമെന്നും കൈലാഷോ സൈനി വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകര്‍, ഗുസ്തി താരങ്ങള്‍, യുവാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ബി.ജെ.പി ബാറ്റണ്‍ പ്രയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എം.പിയായ നേതാവാണ് കൈലാഷോ. 1998,1999 വര്‍ഷങ്ങളില്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്ന് ഹരിയാന ലോക്ദള്‍ (രാഷ്ട്രീയ), ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികളുടെ ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു.

കുരുക്ഷേത്ര ജില്ലാ പരിഷത്തിന്റെ അധ്യക്ഷയായും സൈനി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ ഭൂപീന്ദര്‍ സിങ് ഹൂഡ മുഖ്യമന്ത്രിയായിരിക്കെ സൈനി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കൈലാഷോ സൈനി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈനി ബി.ജെ.പിയില്‍ ചേരുകയുമുണ്ടായി.

അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമുണ്ടെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ 40ലധികം മുന്‍ എം.എല്‍.എമാരും എം.പിമാരും പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ഭൂപീന്ദര്‍ സിങ് ഹൂഡ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

Content Highlight: Former MP and OBC leader Kailasho Saini left BJP and joined Congress