വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി പ്രശസ്ത മോഡല്‍. പരസ്യമായി ബലംപ്രയോഗിച്ച് തന്നെ ചുംബിക്കാന്‍ ട്രംപ് ശ്രമിച്ചുവെന്നാണ് ആരോപണം.
അമി ഡോറിസ് എന്ന മോഡലാണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 1997 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിലെ വി.ഐ.പി സ്യൂട്ടില്‍ വെച്ചാണ് ട്രംപ് തനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതെന്ന് ഡോറിസ് ദി ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അയാള്‍ എന്നെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. ഞാന്‍ അയാളില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചപ്പോഴേക്കും എന്നെ ബലമായി അയാള്‍ പിടിച്ചുവെച്ചു. എന്റെ സ്വകാര്യ ഭാഗങ്ങളിലൂടെ അയാളുടെ കൈകള്‍ കടന്നുപോയി- ഡോറിസ് പറഞ്ഞു.
താന്‍ അയാളുടെ പിടിയില്‍ പെട്ടുപോകുകയായിരുന്നുവെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഡോറിസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഡോറിസിന് 24 വയസ്സായിരുന്നു. ട്രംപിന് അന്ന് 51 വയസ്സായിരുന്നെന്നും അദ്ദേഹം വിവാഹിതനായിരുന്നുവെന്നും ഡോറിസ് പറഞ്ഞു.
അതേസമയം ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും ഇതിന് യാതൊരു സാക്ഷികളുമില്ലെന്നും ട്രംപിന്റെ അഭിഭാഷകന് വ്യക്തമാക്കി.
ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചിലര്‍ നടത്തുന്ന ഗൂഢതന്ത്രമാണിതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല ട്രംപിന് നേരേ ലൈംഗികാരോപണവുമായി സ്ത്രീകള്‍ രംഗത്തെത്തുന്നത്. പ്രശസ്ത അമേരിക്കന്‍ കോളമിസ്റ്റായ ജീന്‍ കാരോള്‍ സമാനമായ ആരോപണവുമായെത്തിയിരുന്നു. 1990 ല്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കാരോളിന്റെ ആരോപണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക