| Saturday, 29th December 2018, 6:57 pm

ജനം ടി.വിക്കെതിരെ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍; വര്‍ക്കല സി.എച്ച്.എം.എം കോളേജില്‍ അല്‍ ഖാഇദ ബന്ധമുണ്ടെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ നാടിന് ആപത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ക്കല: വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്തക്കെതിരെ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍. വര്‍ക്കലയില്‍ അറിയപ്പെടുന്ന കോളേജായ സി.എച്ച്.എം.എംനെ വര്‍ഗീയമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ഹീനമാണെന്ന് വര്‍ക്കല കഹാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വിവിധ ജാതി മതസ്ഥര്‍ ഈ കോളേജില്‍ പഠിക്കുന്നുണ്ടെന്നും ടി.വിയിലൂടെ വിഷം തുപ്പി ശീലിച്ചവര്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുകയാണെന്നും മുന്‍ എം.എല്‍.എ പറയുന്നു. കോളേജ് വിദ്യാര്‍ഥികളെ തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ മാത്രം ക്രൂരന്മാര്‍ മാധ്യമ രംഗത്ത് തുടരുന്നത് നാടിനു തന്നെ ഭീഷണിയാണെന്ന് വര്‍ക്കല കഹാര്‍ പറഞ്ഞു.


“കേരളത്തില്‍ ഐ.എസ്-അല്‍ ഖാഇദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം” എന്ന തലക്കെട്ടോടെയാണ് കോളെജിനെതിരെ ജനം ടി.വി ഇന്ന് “ബിഗ് ബ്രേക്കിങ്” പുറത്തു വിട്ടത്.

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ ഖാഇദ പതാക വീശിയെന്നും മാനേജ്മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് ഭീകരവാദി ബന്ധത്തിന് തെളിവായി ജനം റിപ്പോര്‍ട്ട് പറയുന്നത്. കോളേജ് ടോയ്ലറ്റിലെ ചുവരില്‍ കരികൊണ്ട് വരച്ച ഒസാമ ബിന്‍ലാദന്റെ ചിത്രവും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വര്‍ക്കലയിലെ അറിയപ്പെടുന്ന കലാലയങ്ങളില്‍ ഒന്നാണ് സി.എച്ച്.എം.എം കോളേജ്. മിടുക്കന്മാരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയ ഈ കലാലയത്തെ വര്‍ഗീയമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ഹീനമാണ്. വിവിധ ജാതി മതസ്ഥര്‍ ആയ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ടി.വി യിലൂടെ വിഷം തുപ്പി ശീലിച്ചവര്‍ പാവം കുറെ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു.


കലാലയങ്ങളില്‍ ആര്‍ട്‌സ് ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങള്‍ പലപ്പോഴും പൊതുസമൂഹത്തിന് അരോചകം ആയി തോന്നാറുണ്ട്. കുട്ടികളുടെ പ്രായത്തിന്റെ അപക്വത ആയി കണ്ടു അധ്യാപകരും രക്ഷകര്‍ത്താക്കളും അവരെ തിരുത്താറുമുണ്ട്. ആ കുട്ടികളെ തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ മാത്രം ക്രൂരന്മാര്‍ മാധ്യമ രംഗത്ത് തുടരുന്നത് ഈ നാടിന് ആകെ ഭീഷണിയാണ്

We use cookies to give you the best possible experience. Learn more