Kerala News
മുന്‍ എം.എല്‍.എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 04, 12:33 pm
Saturday, 4th June 2022, 6:03 pm

മുന്‍ എം.എല്‍.എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു.

വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. 2001ല്‍ ചടയമംഗലത്തുനിന്നാണ് എം.എല്‍.എ ആയത്.

പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റു സൃഷ്ടിച്ച കാലഘട്ടത്തില്‍ അതു രണ്ടിന്റെയും മുന്‍നിരപ്പോരാളികളിലൊരാളായിരുന്നു പ്രയാര്‍ എന്ന് അദ്ദേഹം പറഞ്ഞു.

വിനയവും എളിമയുമായിരുന്നു പ്രയാറിന്റെ മുഖമുദ്ര. പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണ്ണകാലമായിരുന്നു. താനുമായി ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേര്‍പാട് അത്യന്തം ദുഃഖമുളവാക്കുന്നു എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെ.എസ്.യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെ.എസ്.യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

 

Content Highlights: Former MLA Prayar Gopalakrishnan passes away