| Monday, 14th February 2022, 9:18 pm

പിണറായി ചെയ്ത അത്രയുള്ള വൃത്തികേട് യോഗി ചെയ്തിട്ടില്ല; ലോകത്തിന് മുന്നില്‍ കേരളം അപമാനിതയായി: പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി വിജയന്‍ ചെയ്ത അത്രയുള്ള വൃത്തികേട് യോഗി ചെയ്തിട്ടില്ലെന്ന് മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. ലോകത്തിന് മുന്നില്‍ കേരളം അപമാനിതയായി നില്‍ക്കുന്ന സമയമാണിതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത് പറയുമ്പോള്‍ എന്നെ ബി.ജെ.പിക്കാരനാക്കരുത്. ലോകത്തിന് മുമ്പില്‍ കേരളം അപമാനിതയായി. സ്വര്‍ണക്കള്ളക്കടത്ത്, രാഷ്ട്രീയ കൊലപാതകം ഇങ്ങനെയെല്ലാത്തിലും മുന്നിലുള്ള പിണറായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മെന പഠിപ്പിക്കാന്‍ നടക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

യോഗി ബി.ജെ.പിക്ക് വേണ്ടി സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞത് അങ്ങനെ കണ്ടാമതി. അതിന് ചോര തിളപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെക്കുറിച്ചുള്ള യോഗിയുടെ പ്രസ്താവന വന്നപ്പോള്‍ ചോര തിളച്ച് കേരളം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത് കേട്ടപ്പോള്‍ തന്റെ ചോരയൊന്നും തിളച്ചിട്ടില്ല. കേരളത്തിന്റെ വളര്‍ച്ചക്ക് മുഴുവന്‍ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ വിഷയം മാറാന്‍ വേണ്ടിയുള്ള ചര്‍ച്ചയാണിത്. ഭാരതീയനെന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ നന്നാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. കാശ്മീരും നന്നാകണമെന്നത് തന്റെ ആഗ്രഹമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം, കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍, ബി.ജെ.പി അധികാരത്തില്‍ വീണ്ടും എത്തിയില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയിലെ ജനങ്ങള്‍ക്ക് താന്‍ ജാഗ്രതാ നിര്‍ദേശമായിരുന്നു അതെന്നാണ് യോഗി കഴിഞ്ഞദിവസം പ്രതികരിച്ചത്. എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറയുന്നത്.

യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ബംഗാളില്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും താരതമ്യം ചെയ്യുന്ന രീതിയിലും യോഗി സംസാരിച്ചു.

CONTENT HIGHLIGHTS: Former MLA PC George says Yogi has not done as much filth as Pinarayi Vijayan

We use cookies to give you the best possible experience. Learn more