കോഴിക്കോട്: അതിജീവിച്ച നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. നടിയെക്കുറിച്ച് കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതില്‍ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് താന്‍ കടക്കുന്നില്ല. അത് കോടതി നിശ്ചയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.
‘കഴിഞ്ഞ ദിവസം ഒരു ചാനലുകാരന്‍ ഞാന്‍ വലിയൊരു ഫംഗ്ഷനില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ഞാനാ പെണ്‍കുട്ടിയെപ്പറ്റി സ്വല്‍പം കടുത്ത വര്‍ത്തമാനം പറഞ്ഞു.
എനിക്ക് വലിയ ദുഃഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു മടിയുമില്ല. ഞാനെന്നല്ല, ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്നു കൂടി പറയുന്നു,’ പി.സി. ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് പി.സി. ജോര്‍ജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്.
ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് വിഡീയോയില്‍ പ്രതികരിക്കുന്നത്. വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനവുമുയര്‍ന്നിരുന്നു.
പി.സി. ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നണ്ടല്ലോ എന്നായിരുന്ന വിഷയത്തില്‍ ചിന്നു ചാന്ദിനി പ്രതികരിച്ചിരുന്നത്.
എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്,’ എന്നായിരുന്ന ചിന്നു ചാന്ദിനി പറഞ്ഞിരുന്നത്.
മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ തിരികെ പറഞ്ഞുപോയതാണ്. ഇനിയുണ്ടാവാതെ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.