എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് ഞാന്‍; ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ശുദ്ധ മനസുകൊണ്ട്: കെ.എന്‍.എ. ഖാദര്‍
Kerala News
എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് ഞാന്‍; ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ശുദ്ധ മനസുകൊണ്ട്: കെ.എന്‍.എ. ഖാദര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st June 2022, 11:01 pm

കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ മറുപടിയുമായി മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍.

എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് താനെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

ആര്‍.എസ്.എസ് വേദിയിലെത്തിയ കെ.എന്‍.എ ഖാദറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘പരിപാടിയില്‍ പറഞ്ഞത് മതസൗഹാര്‍ദത്തെക്കുറച്ചുമാത്രമാണ്. നാട്ടില്‍ സംഘര്‍ഷവും വര്‍ഗീയതയും വര്‍ധിച്ച് വരുമ്പോള്‍ എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണ്,’ കെ.എന്‍.എ ഖാദര്‍ പ്രതികരിച്ചു.

മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ വിളിച്ചാല്‍ അവരെല്ലാം പരിപാടിയില്‍ പങ്കെടുക്കാറുണ്ടെന്നും അവരുടെ പരിപാടിയില്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടതല്ലെ എന്ന ശുദ്ധമനസ്സുകൊണ്ടാണ് വിളിച്ചപ്പോള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും പാര്‍ട്ടി പറയുന്നതിനപ്പുറം താന്‍ ഒന്നും ചെയ്യില്ലെന്നും കെ.എന്‍.എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നടന്ന ആര്‍.എസ്.എസിന്റെ കേസരി സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്.

കെ.എന്‍.എ.ഖാദറിനെ ആര്‍.എസ്.എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വേദിയില്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍.എസ്.എസ് ജെ. നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എന്‍.എ. ഖാദറിന്റെയും പ്രസംഗം

Content Highlights: Former MLA of the Muslim League KNA Khader has responded to the controversy over his participation in the RSS program