തൃശൂര്‍: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിതയായ സ്വപ്ന സുരേഷ് രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി മുന്‍ എം.എല്‍.എ അനില്‍ അക്കരെ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും ഒരുമിച്ച് നിന്നുവെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ വന്ന ഒരു സുഹൃത്തിന്റെ വാക്കുകള്‍ പങ്കുവെച്ചാണ് അനില്‍ അക്കരെയുടെ ആരോപണം.
ലൈഫ് മിഷന്‍ അഴിമതി പുറത്തുകൊണ്ടുവരാന്‍ താന്‍ നടത്തിയ പോരാട്ടത്തെ ചെറുക്കാനാണ് സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.
‘ഈ കേസിലുണ്ടായ, വെളിപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്.
ബി.ജെ.പി, സി.പി.ഐ.എം സര്‍ക്കാരുകള്‍ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടില്‍ അതിനെ മറികടക്കുക എളുപ്പമല്ല.
എന്ത് വിലകൊടുത്തും അതിനെ മറികടക്കണം. അത് ജീവന്‍ നല്‍കിയാണെങ്കിലും മറികടക്കും. ഒരുനാള്‍ സത്യം ജയിക്കും,’ അനില്‍ അക്കരെ ഫേസ്ബുക്കില്‍ എഴുതി.
അനില്‍ അക്കരെയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘നീ തോല്‍ക്കേണ്ടത് ഞങ്ങളുടെ രണ്ട് പാര്‍ട്ടിക്കാരുടെയും ആവശ്യമായിരുന്നു. ആ പണി പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൊട്ടേ ആരംഭിച്ചു, വടക്കാഞ്ചേരി നഗരസഭ, അടാട്ട് പഞ്ചായത്ത്, തെക്കുംകര പഞ്ചായത്ത്, തോളൂര്‍ പഞ്ചായത്ത്, കോലഴി പഞ്ചായത്ത് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പിന് മുന്‍പേ സഖ്യമുണ്ടാക്കി, അത് വിജയിച്ചു, പിന്നെ നിയമസഭയിലും, അതിന്റെ ചുമതല എം കെ കണ്ണനെ ഏല്‍പ്പിച്ചു അങ്ങനെ എല്ലാം ഭംഗിയാക്കി, നീ തോറ്റാല്‍ പിന്നെ ലൈഫ് കേസ് ജനം വിശ്വസിക്കില്ല, പിന്നെ സി.ബി.ഐ അത് ഞങ്ങളുടെ പാര്‍ട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നല്‍കി,’
ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ വന്ന ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്. ഒരു കാര്യം ഞാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റുകാണും പക്ഷേ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കാര്‍ക്കും എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല.
ഇപ്പോള്‍ ഈ കേസിലുണ്ടായ, വെളിപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്. ബി.ജെ.പി, സി.പി.ഐ.എം സര്‍ക്കാരുകള്‍ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടില്‍ അതിനെ മറികടക്കുക എളുപ്പമല്ല. എന്ത് വിലകൊടുത്തും അതിനെ മറികടക്കണം. അത് ജീവന്‍ നല്‍കിയാണെങ്കിലും മറികടക്കും. ഒരുനാള്‍ സത്യം ജയിക്കും.
CONTENT HIGHLIGHTS: Former MLA Anil Akkare reacts after Swapna Suresh came on the scene.