വേലിതന്നെ വിളവ് തിന്നുന്നു; മലയാളിയായ സി.ടി. രവികുമാര്‍ കൂടി ചേര്‍ന്നാണ് ഇന്ത്യന്‍ ജുഡീഷ്യല്‍ പാരമ്പര്യത്തിന് തീരാകളങ്കമായ ആ വിധി പുറപ്പെടുവിച്ചിട്ടുള്ളത്: തോമസ് ഐസക്ക്
Kerala News
വേലിതന്നെ വിളവ് തിന്നുന്നു; മലയാളിയായ സി.ടി. രവികുമാര്‍ കൂടി ചേര്‍ന്നാണ് ഇന്ത്യന്‍ ജുഡീഷ്യല്‍ പാരമ്പര്യത്തിന് തീരാകളങ്കമായ ആ വിധി പുറപ്പെടുവിച്ചിട്ടുള്ളത്: തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 8:05 am

തിരുവനന്തപുരം: ഇ.ഡിയുടെ അധികാരങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധിയില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി തോമസ് ഐസക്ക്. പൗരാവകാശങ്ങളെ ചവിട്ടി മെതിക്കാനുള്ള അധികാരത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന, കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു ഐസക്കിന്റെ പ്രതികരണം..

ജസ്റ്റിസുമാരായ എ.എം.ഖാന്‍ വില്‍ക്കര്‍, ദിനേശ് മഹേശ്വരി, മലയാളി കൂടിയായ സി.ടി. രവികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ജുഡീഷ്യല്‍ പാരമ്പര്യത്തിനു തീരാകളങ്കമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ഐസക്ക് കുറ്റപ്പെടുത്തി.

‘ഇറുകി ഒട്ടിയ, നിറയെ ബക്കിളുകളും പോക്കറ്റുകളുമുള്ള കറുത്ത വസ്ത്രം അണിഞ്ഞ, മെല്ലിച്ച ഉറച്ച ശരീരമുള്ളയാള്‍ ഒരു പ്രഭാതത്തില്‍ കെ. ജോസഫിനെ അറസ്റ്റ് ചെയ്യുന്നു. കുറ്റം എന്തെന്ന് അറിയില്ല. എങ്ങോട്ടേക്ക് എന്നും അറിയില്ല. അത് പറയേണ്ടതുമില്ല. ‘ഒരു തെറ്റും ചെയ്യാതെ ഒരു ദിവസം പ്രഭാതത്തില്‍ കെ. ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടു. അയാളെകുറിച്ച് ആരെങ്കിലും അപവാദം പറഞ്ഞിരിക്കണം’ ഇങ്ങനെയാണ് കാഫ്കയുടെ ക്ലാസിക് നോവല്‍ ”വിചാരണ” ആരംഭിക്കുന്നത്. ഒടുക്കം എന്തിനെന്നറിയാതെ കെ. ജോസഫ് ഒരു ഇരുണ്ട പാറക്കെട്ടില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്നു.
The Trial (Der prozess) എന്ന ഈ നോവല്‍ നിയമ പ്രക്രിയ തന്നെ ശിക്ഷയാക്കുന്ന ഭരണകൂട ഭീകരതയാണ് ചിത്രീകരിക്കുന്നത്.

ടി.ആര്‍ ആണ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ എന്നെ കാമുവിനെയും, കാഫ്കയെയും പരിചയപ്പെടുത്തുന്നത്. ഈ സാഹിത്യകാരന്മാരുടെ വ്യഥകള്‍ ഇയാള്‍ പങ്കുവെച്ചില്ലെങ്കിലും ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ അതെല്ലാം നിറഞ്ഞ ചില സന്ദര്‍ഭങ്ങളുണ്ടാകുമല്ലോ എന്നാണ് അന്ന് ടി.ആര്‍ പറഞ്ഞത്.

കഴിഞ്ഞയാഴ്ച ഇ.ഡിയുടെ അധികാരങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധി വായിച്ചിട്ട് കാഫ്കയുടെ നോവല്‍ വായിക്കുക. അപ്പോള്‍ സ്വേച്ഛാപരമായ നിയമങ്ങള്‍ യുക്തിയ്ക്കപ്പുറം നിസ്സഹായതയുടെ സര്‍റിയലിസ്റ്റിക് ലോകം സൃഷ്ടിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകും.
അറസ്റ്റ് ചെയ്യപ്പെടുമ്പോഴാണ് അറിയുക നിങ്ങള്‍ അറസ്റ്റിലാണെന്ന്. എന്താണു കാരണം? അതുനിങ്ങളെ അറിയിക്കേണ്ടതില്ല.

പക്ഷേ, ജാമ്യം വേണമെങ്കില്‍ നിങ്ങള്‍ കുറ്റക്കാരനല്ലായെന്നു നിങ്ങള്‍ തന്നെ തെളിയിക്കണം. എത്രനാള്‍ ജയിലില്‍? എത്രവേണമെങ്കിലും ആവാം! വിചാരണ കഴിയുമ്പോഴറിയാം വിധി. ഒടുക്കം ക്വാറിയില്‍വെച്ച് ‘പട്ടിയെപോലെ” വധിച്ചതുപോലുള്ള ശിക്ഷാവിധിയുമാകാം.

ഹിറ്റ്‌ലര്‍ക്ക് എത്രയോ മുമ്പ് കാഫ്ക വരച്ചിട്ട നിസ്സഹായതയുടെയും, ഭയത്തിന്റെയും യുഗം, മോഡി-ഷാ കൂട്ടുകെട്ട് നമ്മുടെ രാജ്യത്തു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു,’ തോമസ് ഐസക്ക് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമം പൗരാവകാശങ്ങളെ ഹനിക്കാന്‍ അനിയന്ത്രിതമായി ദുഃരുപയോഗം ചെയ്യുന്നു എന്നതിന്റെ പരിഹാരം തേടിയാണ് ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ പൗരാവകാശങ്ങളെ ചവിട്ടി മെതിക്കാനുള്ള അധികാരത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന, കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിധിയാണ് ഇവര്‍ പുറപ്പെടുവിച്ചത്.

ഇ.ഡി. പോലും ഇത്രയും രാജഭക്തി പ്രതീക്ഷിച്ചു കാണില്ല. 2017-ല്‍ സുപ്രീംകോടതി തന്നെ ജാമ്യവ്യവസ്ഥകളില്‍ നല്‍കിയ ഇളവുപോലും റദ്ദാക്കിക്കൊടുത്തു. കുറ്റം തെളിയുന്നതുവരെ കുറ്റക്കാരനല്ല എന്നതു മൗലികാവകാശത്തില്‍പ്പെടുന്നില്ല എന്നാണ് കോടതിയുടെ വ്യാഖ്യാനം. മാത്രമല്ല, പാര്‍ലമെന്റിനു നിയമം മുഖേന അവയെ പരിമിതപ്പെടുത്തുന്നതിനുള്ള അവകാശം ചോദിക്കാതെതന്നെ അംഗീകരിച്ചു കൊടുക്കുകയും ചെയ്തു.
ഇതേ ബെഞ്ചുതന്നെയാണ് സാകിയ ജാഫ്രി കേസില്‍ കോ-പെറ്റീഷണറായ ടീസ്ത സെദല്‍വാദിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കാന്‍ ഗുജറാത്ത് പൊലീസിനു വിധിയിലെ പരാമര്‍ശത്തിലൂടെ അവസരം ഒരുക്കിയത്. ജാമ്യം നിഷേധിക്കപ്പെട്ട് ടീസ്ത ഇപ്പോഴും ജയിലിലാണെന്നും ഐസക്ക് പറഞ്ഞു.

‘പുതിയ വിധിയിലെ ചില നിഗമനങ്ങള്‍ ഇങ്ങനെയൊക്കെയാണ്:

• ഇ.ഡി. പോലീസല്ല. അതുകൊണ്ട് സി.ആര്‍.പി.സി. നിയമം ഇ.ഡി.ക്ക് ബാധകമല്ല.
• സാധാരണഗതിയില്‍ സെര്‍ച്ചിനും, അറസ്റ്റിനും ഉള്ള ചട്ടങ്ങള്‍ ഇ.ഡി.ക്ക് ബാധകമല്ല.
• പ്രതി ഇ.ഡി.ക്കു നല്‍കുന്ന മൊഴി കോടതിയില്‍ തെളിവായി ഹാജരാക്കാം.
• ജാമ്യം വേണമെങ്കില്‍ പ്രതി സ്വയം പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടില്ലെന്നു തെളിയിക്കണം. മാത്രമല്ല, ഇനി കുറ്റം ആവര്‍ത്തിക്കില്ലായെന്നു കോടതിയെ ബോധ്യപ്പെടുത്തുകയും വേണം.
• പ്രതിക്ക് എഫ്.ഐ.ആര്‍ നല്‍കേണ്ടതില്ല.

ഭരണഘടനയുടെ അനുച്ഛേദം 20 നല്‍കുന്ന മൗലിക അവകാശങ്ങള്‍ തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. No perosn accused of any offence shall be compelled to be a witness against himselfഎന്നത് ആര്‍. 20(3) ഉറപ്പ് നല്കുന്ന അവകാശമാണ്. ഭരണ ഘടനയിലെ ഈ സുപ്രധാന തത്വം ഫലത്തില്‍ ഇഡി കേസുകളില്‍ ബാധകമല്ല എന്നു വന്നിരിക്കുന്നു. നിര്‍ബന്ധിത മൊഴി (testimonial compulsion) എടുക്കല്‍ സാര്‍വ്വത്രികമാകുന്ന ഭീതിതമായ അവസ്ഥ. അത് കുറ്റാരോപിതന് എതിരായ തെളിവായി മാറും എന്ന അവസ്ഥ,’ തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

ഭീകരവിരുദ്ധ നിയമം തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമായി കള്ളപ്പണവിരുദ്ധ നിയമത്തിന് ഒരു പ്രത്യേകതയുണ്ട്. കള്ളപ്പണത്തെ ഏതൊരു സാമ്പത്തിക പ്രവര്‍ത്തിയുമായി ബന്ധപ്പെടുത്താവുന്ന അത്രവിപുലമായ വ്യാഖ്യാനമാണ് നിയമത്തിലുള്ളത്. ഈ സാഹചര്യത്തില്‍ ഇ.ഡി.ക്ക് വേണമെങ്കില്‍ ഏതൊരു പൗരനെയും അറസ്റ്റ് ചെയ്യുന്നതിനും തടവിലാക്കുന്നതിനും, സ്വത്ത് കണ്ടുകെട്ടുന്നതിനും എളുപ്പമാണ്.

ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യമൂന്നു വര്‍ഷകാലത്ത് 489 കേസുകള്‍ ഇ.ഡി ചാര്‍ജ് ചെയ്തുവെങ്കില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യമൂന്ന് വര്‍ഷം 2,723 കേസുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അഞ്ചുമടങ്ങ് വര്‍ധന. അതേസമയം, ഈ കേസുകളിലെ ശിക്ഷാ നിരക്ക് 0.5 ശതമാനം മാത്രമാണ്. കേസ് എടുക്കുന്നത് കുറ്റം ഉണ്ടെങ്കില്‍ സ്ഥാപിച്ച് ശിക്ഷ കൊടുക്കുന്നതിനല്ല. കുറ്റം ചാര്‍ത്തി രാഷ്ട്രീയ എതിരാളികളെ പീഡിപ്പിച്ച് കണക്ക് തീര്‍ക്കുന്നതിനാണ്.

നിയമപ്രക്രിയ തന്നെ പണിഷ്‌മെന്റ് ആക്കി മാറ്റുന്ന സ്വേച്ഛാപരമായ അധികാരം ഭരണകൂടത്തിന് അനുവദിച്ചു നല്‍കുന്ന സ്ഥിതിയാണ് വിധി ഉണ്ടാക്കുന്നത്. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇ.ഡിയുടെ സ്വേച്ഛാപരമായ അധികാരത്തെ രാഷ്ട്രീയവൈരം തീര്‍ക്കുന്നതിനു മോഡി-ഷാ കൂട്ടുകെട്ട് വ്യാപകമായി ഉപയോഗിക്കുവാന്‍ പോവുകയാണ്. വേലിതന്നെ വിളവ് തിന്നുമ്പോള്‍, നീതിയെ ആര് സംരക്ഷിക്കുമെന്നും തോമസ് ഐസക്ക് ചോദിച്ചു.

CONTENT HIGHLIGHTS: Former Minister Thomas Isaac criticized the Supreme Court’s verdict on the powers of the ED