തോമസ് ചാണ്ടി എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റ്; പി കെ രാജന്‍ വൈസ് പ്രസിഡന്റ
Kerala
തോമസ് ചാണ്ടി എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റ്; പി കെ രാജന്‍ വൈസ് പ്രസിഡന്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th April 2018, 4:35 pm

കൊച്ചി: എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റായി മുന്‍ഗതാഗതമന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വിഭാഗത്തില്‍നിന്നുള്ള പി.കെ രാജനാണ് വൈസ് പ്രസിഡന്റ്. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ ബോഡിയാണ് തീരുമാനമെടുത്തത്. ദേശീയ നേതാവ് പ്രഫുല്‍ പട്ടേലാണ് തോമസ് ചാണ്ടിയെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവില്‍ പീതാംബരന്‍ മാസ്റ്ററാണ് എന്‍.സി.പി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.


Read Also : എങ്ങനെ വോട്ടുനേടാമെന്ന് ബി.ജെ.പി നേതാക്കളെ ഉപദേശിച്ച് മധ്യപ്രദേശ് ഗവര്‍ണര്‍: ഭരണഘടനാ പദവിയുടെ ലംഘനമെന്ന് കോണ്‍ഗ്രസ്


സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കമായിരുന്നു പാര്‍ട്ടിയില്‍ നിലനിന്നിരുന്നത്. ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ സമവായ ശ്രമത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം തോമസ് ചാണ്ടിക്കും വൈസ് പ്രസിഡന്റ് സ്ഥാനം ശശീന്ദ്രന്‍ പക്ഷത്തിനുമാണ് നല്‍കിയത്.

ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്. തുടര്‍ന്ന് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ മന്ത്രിയായതിനാല്‍ മറ്റേയാള്‍ക്ക് അധ്യക്ഷ പദവി നല്‍കണമെന്ന ന്യായമാണ് ദേശീയനേതൃത്വം ഉന്നയിച്ചത്. എതിര്‍പ്പുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവച്ച് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ശശീന്ദ്രനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.