തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മറ്റു മന്ത്രിമാരുടെ സ്റ്റാഫായി നിയമനം.
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും കായിക മന്ത്രി വി. അബ്ദുറഹിമാന്റെയും പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്.
സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്ന അഞ്ച് പേരെ വീതമാണ് മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹിമാന്റെയും സ്റ്റാഫിലേക്ക് നിയമിച്ചത്. ഇതോടെ ഈ രണ്ട് മന്ത്രിമാരുടെയും സ്റ്റാഫുകളുടെ എണ്ണം 25ല്‍ നിന്ന് 30 ആയി ഉയര്‍ന്നു.
സജി ചെറിയന്റെ പ്രൈവറ്റ് സെക്രട്ടറി മനു. സി. പുളിക്കലിനെ അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചിട്ടുണ്ട്. നിലവില്‍ എല്ലാ മന്ത്രിമാരുടെയും സ്റ്റാഫിന്റെ എണ്ണം 25 ആണ്.
സജി ചെറിയാന്‍ രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹിമാന്റെയും സ്റ്റാഫിലേക്ക് മാറ്റിയത്.
സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണ് ഈ മാറ്റം എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ 6ാം തിയതിയാണ് സാംസ്‌കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ രാജിവെച്ചത്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആ പദവിയില്‍ വരുന്ന ചെറിയ ഒരു ഇടവേള പോലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്‌സണല്‍ സ്റ്റാഫിന്റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്റെയും മന്ത്രി അബ്ദുറഹിമാന്റെയും സ്റ്റാഫില്‍ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം. ഒരു വര്‍ഷത്തെ തുടര്‍ച്ചയായ സര്‍വീസാണ് പെന്‍ഷന് പരിഗണിക്കുക.
അതേസമയം, സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പള വര്‍ധനവ് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
ഏകാംഗ കമ്മീഷനെയാണ് നിയോഗിച്ചിട്ടുള്ളത്. ജസ്റ്റിസ് രാമചന്ദ്രനെയാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി നിയമിച്ചത്. ആറ് മാസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലില്‍ ഇതിനകം തന്നെ മാറ്റം വന്നിട്ടുണ്ടെന്നും ജീവിതച്ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നുമുള്ള കാരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
നേരത്തെ 2018ല്‍ നിയമസഭാംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അന്ന് മന്ത്രിമാരുടെ ശമ്പളം 55,012 രൂപയില്‍ നിന്ന് 90,000 രൂപയായും എം.എല്‍.എമാരുടെ ശമ്പളം 39,500 രൂപയില്‍ നിന്ന് 70,000 രൂപയായും ഉയര്‍ത്തിയിരുന്നു. മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.
Content Highlight: Former minister Saji Cheriyan’s personal staffs are now with other minister Muhammed Riyas and Abdurahiman