ബി.ജെ.പി മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ റുസ്തം സിങ് പാര്‍ട്ടി വിട്ടു
national news
ബി.ജെ.പി മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ റുസ്തം സിങ് പാര്‍ട്ടി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd October 2023, 7:57 pm

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ. പി മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രിയുമായ റുസ്തം സിങ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു.

ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്ന് റുസ്തം സംസ്ഥാന ബി.ജെ. പി അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മക്കെഴുതിയ കത്തില്‍ പറഞ്ഞു. റുസ്തമ്മിനോട് പാര്‍ട്ടി ന്യായമായി പെരുമാറിയിട്ടില്ലയെന്ന് റുസ്തമിന്റെ അനുയായികള്‍ ആരോപിച്ചു.

റുസ്തം സിങ്ങിന്റെ മകനായ രാകേഷ് സിങ്ങിനെ മൊറേന മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് റുസ്തം ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാന്‍ സാധ്യതയുണ്ടെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു.

2003-2008, 2013-2018 എന്നീ വര്‍ഷങ്ങളില്‍ റുസ്തം മധ്യപ്രദേശ് എം.എല്‍.എ ആയിരുന്നു. കൂടാതെ 2003-2008, 2015-2018 വര്‍ഷങ്ങളില്‍ ആരോഗ്യ-കുടുബക്ഷേമ മന്ത്രിയുമായിരുന്നു. ന്യൂനപക്ഷ ക്ഷേമം, ജൈവവൈവിധ്യം, ബയോടെക്‌നോളജി വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

Content Highlight: Former minister Rustam Singh resigned from B.J.P