മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു
Kerala News
മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2024, 3:58 pm

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം.

മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കേരള മന്ത്രിസഭയിലെ മൂന്നാമത്തെ വനിതയായിരുന്നു എം.ടി. പത്മ.

എം.ടി. പത്മ കെ. കരുണാകരന്‍ മന്ത്രിസഭയിലെ ഫിഷറീസ്-ഗ്രാമവികസന വകുപ്പ് മന്ത്രി കൂടിയായിരുന്നു. എട്ട്, ഒമ്പത് മന്തിസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗമായിരുന്നു.

1999ല്‍ പാലക്കാട് നിന്നും 2004ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും എം.ടി. പത്മ പരാജയപ്പെട്ടിരുന്നു.

പിന്നീട് 2013ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേയ്ക്ക് കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു എം.ടി. പത്മ.

കെ. കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിവിട്ട പത്മ പിന്നീട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു.

എം.ടി. പത്മ കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയം ആരംഭിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെ.പി.സി.സി അംഗം, കോഴിക്കോട് ഡി.സി.സി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: Former minister MT Padma passed away