തിരുവനന്തപുരം: കെ.എസ്.ഇ.ബി അഴിമതി ആരോപണത്തില്‍ തനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുന്‍ മന്ത്രി എം.എം. മണി. മന്ത്രിയായിരുന്ന കാലത്ത് ആര്യാടന്‍ മുഹമ്മദ് സ്വന്തക്കാര്‍ക്ക് മാട്ടുപെട്ടിയിലും മറ്റും ഭൂമി കൊടുത്തതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നല്‍കാമെന്ന് അദ്ദേഹം പരിഹസിച്ചു.
രാജാക്കാട് സൊസൈറ്റിക്ക് ഭൂമി അനുവദിച്ചത് വൈദ്യുതി ബോര്‍ഡാണ്. വൈദ്യുതി ബോര്‍ഡ് ചെയ്യുന്ന എല്ലാ കാര്യവും മന്ത്രി അറിയണമെന്നൊന്നും ഇല്ലെന്നും മണി പറഞ്ഞു.
വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് കെ.എസ്.ഇ.ബിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടത്. കെ.എസ്.ഇ.ബി ചെയര്‍മാനെ മാറ്റണമെന്ന് താന്‍ അല്ല വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എം.എം. മണി പറഞ്ഞു.
‘നിങ്ങള്‍ കൃഷ്ണന്‍ കുട്ടിയോട് പോയി ചോദിക്ക്, ഞാനിപ്പോ മന്ത്രി അല്ലല്ലോ. പക്ഷേ അന്ന് ചെയ്തതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്കുണ്ട്. ആര്യാടന്‍ മുഹമ്മദ് ചെയ്ത അഴിമതി സതീശന്‍ പോയി അന്വേഷിക്കട്ടെ,’ എം.എം. മണി കൂട്ടിച്ചേര്‍ത്തു.
അതേസയമം, കെ.എസ്.ഇ.ബി ഭൂമി കൈമാറ്റം റദ്ദാക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നിയമവിരുദ്ധ കൈമാറ്റം എം.എം. മണി മന്ത്രിയായിരുന്ന കാലത്താണെന്നും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെ ഭാരം സാധാരണക്കാരന്റെ തലയില്‍ ചാര്‍ജ് വര്‍ധനവിലൂടെ കെട്ടിവെയ്ക്കാമെന്ന് കരുതേണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
‘പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തത്.എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സി.പി.ഐ.എം സംഘങ്ങള്‍ക്കും നൂറ് കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറിയത്.
എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിനും ഭൂമി നല്‍കിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സര്‍ക്കാരിന്റെ ഭൂമി ബന്ധക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കൊടുത്തതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
CONTENT HIGHLIGHTS: former minister MM Mani reply to Opposition leader V.D. Satheesan in KSEB corruption charges