തിരുവനന്തപുരം: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാജസ്ഥാനില്‍ എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം. മണി.
തന്റെ ഇടത്തും വലത്തും ഇരിക്കുന്ന അശോക് ഗെഹ്‌ലോട്ടിനേയും സച്ചിന്‍ പൈലറ്റിനെയും ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നതെന്ന് എം.എം. മണി പരിഹസിച്ചു. ഇടത് സൈബര്‍ പേജായ പോരാളി ഷാജിയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു എം.എം. മണിയുടെ പ്രതികരണം.
‘ഇടത്തും വലത്തും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നത്,’ എന്നാണ് എം.എം. മണി എഴുതിയത്.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു.
രാവിലെ 6.30ന് പുലാമന്തോള്‍ പാലം വഴി ജില്ലയിലേക്ക് പ്രവേശിച്ച യാത്രക്ക് വന്‍ വരവേല്‍പ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ നല്‍കിയത്. ഉച്ചക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്‌കൂളിലാണ് രാത്രി വിശ്രമം.
കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ജനങ്ങളെ വലയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വമേഖലകളെയും സര്‍ക്കാര്‍ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരന് ലഭിക്കുന്നില്ല. കോടിക്കണക്കിന് ചെറുപ്പക്കാര്‍ തൊഴിലിന് വേണ്ടി അലയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.