തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള തന്റെ വിമര്‍ശനവും പരിഹാസവും തുടര്‍ന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍. ഔദ്യോഗിക ജീവിതത്തില്‍ സിറിയക് ജോസഫ് അലസനാണെന്നും കേസുകളില്‍ വിധി പറയാത്ത ന്യായാധിപനാണെന്നും പുസതകത്തെ ഉദ്ധരിച്ച് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏഴ് കേസില്‍ മാത്രമാണ് സിറിയക് ജോസഫ് വിധി പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അഭയാക്കേസില്‍ നാര്‍ക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശനം നടത്തിയെന്നും കഴിഞ്ഞ ദിവസം ജലീല്‍ ആരോപണമുന്നയിച്ചിരുന്നു. നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറന്‍സിക് ലാബ് ഡയറക്ടറുടെ മൊഴി ചേര്‍ത്തായിരുന്നു കഴിഞ്ഞ ദിവസത്തെ ജലീലിന്റെ കുറിപ്പ്.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വിവാദത്തിന് പിന്നാലെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് ജലീല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നടത്തികൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.ടി. ജലീലിന് ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു.
അതേസമയം, ജലീലിന്റെ വിമര്‍ശനങ്ങള്‍ ഇതുവരെ സി.പി.ഐ.എം ഏറ്റെടുത്തിട്ടില്ലെങ്കിലും വ്യക്തിപരമായ അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ പാര്‍ട്ടി ഇടപെടാനും തയ്യാറായിട്ടില്ല.
കെ.ടി. ജലിലീന്റെ പുതിയ കുറിപ്പിന്റെ പൂര്‍ണരൂപം
‘അലസ ജീവിത പ്രേമി’ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍. വിധി പറഞ്ഞതോ ഏഴേ എഴ്!
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus Judiciary’ എന്ന പുസ്തകത്തില്‍ സുധാംഷു രന്‍ജന്‍ എഴുതുന്നു:
‘ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു.
ദല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.