ഖത്തർ ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന വിശ്വകിരീടം നേടിയത്. ഫൈനലിൽ 3-3ന്റെ സമനിലയിൽ പിരിഞ്ഞ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. കരുത്തന്മാരായ ഫ്രഞ്ച് പടയുടെ മൂന്ന് പെനാൽട്ടി ഗോളുകൾ സേവ് ചെയ്ത അർജന്റൈൻ കോച്ച് എമിലിയാനോ മാർടിനെസ് ആണ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
മത്സര ശേഷം ഗോൾഡൻ ഗ്ലൗവിന് അർഹനായ മാർടിനെസ് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം അശ്ലീല ആംഗ്യം കാണിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. താരത്തെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരുന്നത്. താൻ മനഃപൂർവം ചെയ്തതാണെന്നും ഫ്രഞ്ചുകാർ തന്നെ കളിയാക്കിയതിന് അവർക്കുള്ള മറുപടിയായിരുന്നെന്നുമാണ് വിഷയത്തിൽ മാർടിനെസ് പ്രതികരിച്ചത്.
എന്നാൽ അർജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാർടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാർ’Fനസിന്റെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമർശനം ഇതിനകം ശക്തമായിക്കഴിഞ്ഞു.
ഇപ്പോൾ മുൻ മന്ത്രി കെ.ടി ജലീൽ മാർടിനെസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. വർണവെറിയാണ് എമിലിയാനോ മാർടിനെസിനെ അലോസരപ്പെടുത്തുന്നതെങ്കിൽ വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘മിസ്റ്റർ എമിലിയാനോ മാർട്ടിനസ്,
താങ്കൾക്ക് എംബാപ്പയെ കളിയാക്കാൻ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്റെ പത്തൊമ്പതാം വയസ്സിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ നെപ്പോളിയന്റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ. ആയുസ്സുണ്ടെങ്കിൽ ഇനിയും മൂന്ന് ലോക കപ്പുകൾക്ക് ബാല്യമുള്ള കാൽപ്പന്തുകളിയിലെ കൊടുങ്കാറ്റിന്റെ രൗദ്രത കാൽപാദത്തിൽ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ.
ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും സാമുവൽ ഏറ്റുവും സാദിയോ മാനെയും യൂനുസ് മൂസയും വിൻസന്റ് അബൂബക്കറും ലിലിയൻ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും അത്ഭുതങ്ങൾ സൃഷ്ടിച്ച മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും.
ഒളിമ്പിക്‌സ് മെഡലുമായി സന്തോഷാരാവത്തിൽ ഒരു ഹോട്ടലിൽ കയറിയ എക്കാലത്തെയും വലിയ ബോക്‌സിംഗ് ചാമ്പ്യൻ മുഹമ്മദലിയോട് ‘ഇവിടെ കറുത്തവർക്ക്’ ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്‌കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റർ. ആ വെള്ളപ്പിശാചിന്റെ മുഖത്തേക്ക് മെഡൽ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വർഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കൾ ഓർക്കുന്നത് നല്ലതാണ്.
മിസ്റ്റർ മാർടിനെസ്, മെസിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്‌ബോൾ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാൽ വാഴട്ടെ. എംബാപ്പെയുടെ നിറവും,’ കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, അർജന്റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയൻ എംബാപ്പെയെ എമി മാർടിനെസ് കളിയാക്കുന്നത്. അർജന്റീന ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാൻ എമി ആവശ്യപ്പെടുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
Content Highlights: Former Minister KT Jaleel against Emiliano Martinez