Kerala News
മുന്‍ മന്ത്രി കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 07, 01:54 am
Thursday, 7th January 2021, 7:24 am

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു.78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്.

വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി കോഴിക്കോട് കക്കോടിയില്‍ താമസിച്ച് വരികയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ മെട്രോയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

എ. കെ ആന്റണി മന്ത്രിസഭയിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു. ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു.

27 വര്‍ഷക്കാലം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. എ.ഐ.സി.സി അംഗവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

2011ല്‍ ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നില്ല.

മൃതദേഹം കക്കോടിയിലെ വീട്ടില്‍ സംസ്‌കരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former Minister KK Ramachandran Master passes away