മീഡിയ വണ്‍ ഐ.എസിന്റെ ചാനലാണെന്ന പരാമര്‍ശം, കെ.ടി.ജലീലിന് കോടതി സമന്‍സ്
Kerala News
മീഡിയ വണ്‍ ഐ.എസിന്റെ ചാനലാണെന്ന പരാമര്‍ശം, കെ.ടി.ജലീലിന് കോടതി സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th April 2023, 1:01 pm

കോഴിക്കോട്: മീഡിയ വണ്ണിനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി.ജലീലിന് സമന്‍സ്. കോഴിക്കോട് സി.ജെ.എം കോടതിയാണ് സമന്‍സ് അയച്ചത്. മീഡിയ വണ്‍ ഐ.എസിന്റെ ചാനലാണെന്ന പരാമര്‍ശത്തില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടിയെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ രണ്ട് നടപടികളാണ് കോടതി സ്വീകരിച്ചത്. ജലീലിനെതിരെ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് അദ്ദേഹത്തിന് ഇപ്പോള്‍ കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

അടുത്ത സിറ്റിങ്ങില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹത്തിനെതിരെ സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ കേസിലാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കെയാണ് മീഡിയവണ്‍ ഐ.എസ് ചാനലാണ് എന്ന് കെ.ടി ജലീല്‍ പരാമര്‍ശിക്കുന്നത്. ഈ വിഷയത്തില്‍ മീഡിയവണ്‍ ജലീലിന് അയച്ച വക്കീല്‍ നോട്ടീസിന് അദ്ദേഹം അഭിഭാഷകന്‍ മുഖേന മറുപടി അയച്ചിരുന്നു.

മീഡിയവണ്‍ മാധ്യമം പത്രവുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ്, കോഴിക്കോട് വെള്ളിമാട്കുന്നില്‍ മാധ്യമം ഓഫിസിന് എതിര്‍വശത്തായി ഐ.എസ്.ടി ബില്‍ഡിങ് എന്നൊരു കെട്ടിടമുണ്ട്, പ്രസ്തുത കെട്ടിടത്തെ ആളുകള്‍ ചിലപ്പോള്‍ ഐ.എസ് ബില്‍ഡിങ് എന്നും വിളിക്കാറുണ്ട്, അതിനാലാണ് മീഡിയവണിനെ ഐ.എസ്. ചാനലെന്ന് വിളിച്ചത് എന്നായിരുന്നു വക്കീല്‍ നോട്ടീസിനുള്ള ജലീലിന്റെ മറുപടി.

കോഴിക്കോട് മുന്‍സിഫ് കോടതിയിലെ സിവില്‍ അപകീര്‍ത്തി കേസിലും നടപടികള്‍ മുന്നോട്ട് പോവുകയാണ്. അതേസമയം, വളാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലിലെ എല്‍.ഡി.എഫ് അംഗമായ നടക്കാവില്‍ ഷംസുദ്ദീനെതിരെ ലൈംഗിക പീഡന പരാതിയില്‍ പോക്‌സോ കേസ് എടുത്ത സംഭവം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ജലീല്‍ മീഡിയവണിനെതിരെ ഐ.എസ്. ബന്ധം ആരോപിച്ചതെന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

content highlight: Former minister K.T Jaleel summoned for communal remarks against Media One