'സോളാര്‍ രക്തത്തില്‍ ഇടതിന് പങ്കില്ല, പാപ പങ്കിലമായ കരങ്ങള്‍ കോണ്‍ഗ്രസിനകത്ത് മാന്യന്‍മാരായി ഞെളിഞ്ഞ് നടക്കുന്നവരുടേത്'
Kerala News
'സോളാര്‍ രക്തത്തില്‍ ഇടതിന് പങ്കില്ല, പാപ പങ്കിലമായ കരങ്ങള്‍ കോണ്‍ഗ്രസിനകത്ത് മാന്യന്‍മാരായി ഞെളിഞ്ഞ് നടക്കുന്നവരുടേത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th September 2023, 8:59 pm

കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇടതുപക്ഷത്തിന് പങ്കില്ലെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. കേസില്‍ പാപ പങ്കിലമായ കരങ്ങള്‍ കോണ്‍ഗ്രസിനകത്ത് മാന്യന്‍മാരായി ഞെളിഞ്ഞ് നടക്കുന്നവരുടേതാണെന്നും ജലീല്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് തവണ തുടര്‍ച്ചയായി പ്രതിപക്ഷ നേതൃപദവി ഉമ്മന്‍ചാണ്ടിക്ക് നിഷേധിച്ചു കൊണ്ട് അദ്ദേഹത്തെ വെറും ‘എം.എല്‍.എയാക്കി സഭയിലിരുത്തിയവരാണ് ഉമ്മന്‍ചാണ്ടിയെ ചതിക്കുഴിയില്‍ വീഴ്ത്തി അപമാനിച്ചതെന്നും കെ.ടി. ജലീല്‍ ആരോപിച്ചു. സോളാര്‍ കേസില്‍ തിടരാന്വേഷണം ആവശ്യമില്ലെന്ന യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്റെ നിലപാടിന്റെ സ്‌ക്രീന്‍ ഷോട്ടും ജലീല്‍ പോസ്റ്റിനൊപ്പം പങ്കുവെച്ചു.

‘ഇടതുപക്ഷം ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസും ലീഗും ഇന്നെന്തിനാണ് അതില്‍ നിന്ന് പിന്തിരിഞ്ഞത്? കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന തിരിച്ചറിവാണോ പുതിയ ബോധോദയത്തിന്റെ പിന്നിലെ ചേതോവികാരം?,’ ജലീല്‍ പറഞ്ഞു.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഉമ്മന്‍ചാണ്ടിയെ അപമാനിച്ച് പുറത്താക്കാന്‍ ശ്രമിച്ചവര്‍ ആരൊക്കെ?

സോളാര്‍ കേസിലെ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഇന്നലെ യു.ഡി.എഫ് നിയമസഭയില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് ആവശ്യം ശക്തമായി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. അന്വേഷണത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചതും ലോകം കേട്ടതാണ്.

ഇന്നിതാ യു.ഡി.എഫ് പറയുന്നു; അന്വേഷണം വേണ്ടെന്ന്. കോണ്‍ഗ്രസിലെ ഏറ്റവും വലിയ ജനകീയ മുഖമായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുതികാല്‍ വെട്ടാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാകിമിനുക്കി ഉണ്ടാക്കിയ ആയുധമായിരുന്നു ‘സോളാറെന്ന്’ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ഇന്നത്തോടെ ബോധ്യമായി.

രണ്ട് തവണ തുടര്‍ച്ചയായി പ്രതിപക്ഷ നേതൃപദവി ഉമ്മന്‍ചാണ്ടിക്ക് നിഷേധിച്ചു കൊണ്ട് അദ്ദേഹത്തെ വെറും ‘എം.എല്‍.എയാക്കി സഭയിലിരുത്തിയവരാണ് ഉമ്മന്‍ചാണ്ടിയെ ചതിക്കുഴിയില്‍ വീഴ്ത്തി അപമാനിച്ചത്.

ഉമ്മന്‍ചാണ്ടി ഇല്ലാത്ത സമയം നോക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോപ്പനെ അറസ്റ്റ് ചെയ്തവരാണ് ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ത്ഥ ശത്രുക്കള്‍.
ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും അറിവോടെയായിരുന്നു ജോപ്പന്റെ അറസ്റ്റെന്നാണ് പ്രതിപക്ഷ നേതാവ് ഇന്നലെ സഭയില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ആണയിട്ടുപറഞ്ഞത്. അത് പച്ചക്കള്ളമായിരുന്നെന്ന് ഉമ്മന്‍ചാണ്ടിയുടെ കൂടെ ആ സമയത്തുണ്ടായിരുന്ന മുന്‍മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയില്‍ പറഞ്ഞ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു.

ഇടതുപക്ഷം ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസും ലീഗും ഇന്നെന്തിനാണ് അതില്‍ നിന്ന് പിന്തിരിഞ്ഞത്? കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന തിരിച്ചറിവാണോ പുതിയ ബോധോദയത്തിന്റെ പിന്നിലെ ചേതോവികാരം?

‘മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഇടതുപക്ഷം നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. ഒരിക്കലും നിങ്ങളുടെ ശത്രുക്കളല്ല. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്’.
ഉമ്മന്‍ചാണ്ടിക്കെതിരെ വൃത്തികെട്ട മാര്‍ഗങ്ങളിലൂടെ കരുക്കള്‍ നീക്കിയവരുടെ യഥാര്‍ത്ഥ മുഖം ഇന്നത്തോടെ വെളിപ്പെട്ടു. അവര്‍ക്കുള്ള ശിക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ചയിക്കട്ടെ.

സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ല. പാപപങ്കിലമായ കരങ്ങള്‍ കോണ്‍ഗ്രസ്സിനകത്ത് മാന്യന്‍മാരായി ഞെളിഞ്ഞ് നടക്കുന്നവരുടേതാണ്. വരുംദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകും.
‘പലനാള്‍ ചതിയന്‍, ഒരുനാള്‍ വെളിയില്‍’ എന്ന് പഴമക്കാര്‍ പറയുന്നത് എത്ര അര്‍ത്ഥവത്താണ്!

Content Highlight:  Former Minister K.T.  Jaleel said that the Left had no part in the conspiracy related to the solar case