കോഴിക്കോട്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. നീതി തേടുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജലീല്‍ പറഞ്ഞു.
നീതിദേവത കണ്‍തുറന്നെന്നും അനന്തമായി വിചാരണ നീട്ടിക്കൊണ്ടുപോയി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നീതിദേവത കണ്‍തുറന്നു. അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ആശ്വാസം. കൊല്ലത്തെത്തി പിതാവിനോടൊപ്പം താമസിക്കാം. ചികിത്സക്ക് കൊല്ലത്തിനു പുറത്തു പോകണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ അനുവാദത്തോടെയാകാം. കേസിന് വിളിച്ചാല്‍ ബെംഗ്‌ളൂരില്‍ ഹാജരാവണം.
നീതി തേടുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധി. അനന്തമായി വിചാരണ നീട്ടിക്കൊണ്ടുപോയി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണിത്,’ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഗവണ്‍മെന്റ് വന്നതിന്റെ ഗുണം കാണുന്നുണ്ടെന്ന ഈ പോസ്റ്റിന് താഴെ വന്ന കമന്റിനും ജലീല്‍ മറുപടി നല്‍കി. ‘സുപ്രീം കോടതി എന്നാണ് കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലായത്?’ എന്നായിരുന്നു ജലീലിന്റെ മറുപടി.
അതേസമയം, പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി പറയുന്നതായി മഅ്ദനിയും ജാമ്യ ഇളവില്‍ പ്രതികിരിച്ചു. മുമ്പ് ഉണ്ടായിരുന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് കേരളത്തിലേക്ക് സ്ഥിരമായി പോകുന്നതിനുള്ള അനുവാദം സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും കോടതി പറയുന്നു.
കൊല്ലം ജില്ലയിലുള്ള സ്വന്തം നാട്ടില്‍ മഅ്ദനിക്ക് താമസിക്കാം എന്നാണ് സുപ്രീം കോടതി അനുവദിച്ച ഇളവില്‍ പറയുന്നത്. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയത് പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്.