| Monday, 24th May 2021, 9:39 pm

ലക്ഷദ്വീപ് സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അപലപനീയം, രാജ്യത്താകെ പ്രതിഷേധം ഉയരണം: ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലക്ഷദ്വീപിനായി രാജ്യം ഒറ്റക്കെട്ടാകണമെന്ന് മുന്‍ മന്ത്രി ഇ.പി ജയരാജന്‍. ജനങ്ങള്‍ സമാധാനത്തോടെ അധിവസിക്കുന്ന ലക്ഷദ്വീപ് സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രതിരോധിക്കാന്‍ വലിയ ശേഷിയില്ലാത്ത ഒരു ജനവിഭാഗത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് ഇവയെല്ലാം. ഈ ജനവിരുദ്ധ നിലപാടിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ഉയരണം.

99 ശതമാനം ഇസ്‌ലാമിക വിശ്വാസികള്‍ താമസിക്കുന്ന മേഖലയില്‍ അവരുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലപാടുകളാണ് പുതിയ ഭരണത്തില്‍ സ്വീകരിക്കുന്നത്. ബീഫ് നിരോധനം ഇതിന്റെ ഭാഗമാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ ദ്വീപ് അകറ്റി നിര്‍ത്തിയിരുന്നു. ക്വാറന്റയിന്‍ നിബന്ധനകള്‍ എടുത്തുകളഞ്ഞതോടെ ദ്വീപില്‍ രോഗം വ്യാപിച്ചത് വലിയ ദുരിതമായി,’ ഇ.പി ജയരാജന്‍ ഫേസ്ബുക്ക് പോസ്്റ്റിലൂടെ പറഞ്ഞു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, നടന്‍ പൃഥ്വിരാജ്, സലീം കുമാര്‍, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപിനായി രാജ്യം ഒറ്റക്കെട്ടാകണം. ജനങ്ങള്‍ സമാധാനത്തോടെ അധിവസിക്കുന്ന ലക്ഷദ്വീപ് സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമാണ്. ദ്വീപില്‍ അശാന്തി നിറയ്ക്കാന്‍ വര്‍ഗീയ വിഷംചീറ്റുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പ്രതിരോധിക്കാന്‍ വലിയ ശേഷിയില്ലാത്ത ഒരു ജനവിഭാഗത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് ഇവയെല്ലാം. ഈ ജനവിരുദ്ധ നിലപാടിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ഉയരണം.
ലക്ഷദ്വീപില്‍ സംഘപരിവാര്‍ നേതാവായ, ഗുജറാത്തില്‍ നിന്നുള്ള പ്രഫുല്‍ ഘോഡ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചാണ് തുടക്കം.

99 ശതമാനം ഇസ്‌ലാമിക വിശ്വാസികള്‍ താമസിക്കുന്ന മേഖലയില്‍ അവരുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലപാടുകളാണ് പുതിയ ഭരണത്തില്‍ സ്വീകരിക്കുന്നത്. ബീഫ് നിരോധനം ഇതിന്റെ ഭാഗമാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ ദ്വീപ് അകറ്റി നിര്‍ത്തിയിരുന്നു. ക്വാറന്റയിന്‍ നിബന്ധനകള്‍ എടുത്തുകളഞ്ഞതോടെ ദ്വീപില്‍ രോഗം വ്യാപിച്ചത് വലിയ ദുരിതമായി.

തദ്ദേശിയരെ താല്‍ക്കാലിക ജോലികളില്‍ നിന്നു പിരിച്ചുവിട്ടു. കുറ്റവും കുറ്റവാളികളും ഇല്ലാത്തതിനാല്‍ ജയില്‍ അടഞ്ഞുകിടക്കുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുകയാണ്. എല്ലാ ആവശ്യങ്ങള്‍ക്കും കേരളവുമായി ബന്ധപ്പെടുന്നത് തടഞ്ഞ്, കര്‍ണാടകയിലെ മംഗലാപുരവുമായി ബന്ധപ്പെടണമെന്ന നിബന്ധന കൊണ്ടുവരുന്നു. ടൂറിസത്തിന്റെ പേരില്‍ ദ്വീപ് കുത്തകകള്‍ക്ക് തീറെഴുതാനുള്ള നിയമ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നു.

ജനാധിപത്യത്തെ അധികാരം ഉപയോഗിച്ച് തകര്‍ക്കാനാണ് നീക്കം. ഏറ്റവും ശാന്തമെന്ന് ഐക്യരാഷ്ട്രസഭ പോലും വിലയിരുത്തിയ മേഖലയെ ആണ് ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. ദ്വീപില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ തീര്‍ത്തും അവഗണിക്കുകയാണ്.
നാളെ രാജ്യത്തെ ഏതു മേഖലയ്ക്കു നേരെയും ഇത്തരം കടന്നുകയറ്റം ഉണ്ടാകാം. വര്‍ഗീയതയുടെ പേരില്‍ നാടിനെ കലാപഭൂമിയാക്കി, കുത്തകകള്‍ക്ക് തീറെഴുതുന്നതാണ് സംഘപരിവാര്‍ അജണ്ട. ഈ കടുത്ത ജനവിരുദ്ധതക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരണം. ലക്ഷദ്വീപിലെ സഹോദരങ്ങള്‍ക്കായി നമുക്ക് ഒന്നിച്ചു പോരാടാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Former minister EP Jayarajan wants the country to unite for Lakshadweep

We use cookies to give you the best possible experience. Learn more