ആലപ്പുഴ: മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു. 89 വയസ്സായിരുന്നു. എറണാംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടൊയിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ നടക്കും. 1930ലാണ് ജനനം.
ഭാരതീയ അധ:കൃത ലീഗിന്റെ ശാഖകള്‍ രൂപീകരിച്ചാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. പിന്നീട് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രധാന നേതാക്കളിലൊരാളായി. എ.ഐ.സി.സി അംഗമായിരുന്നു.
1970ല്‍ അന്നത്തെ ഇടതുകോട്ടയായ പന്തളത്ത് പി.കെ കുഞ്ഞച്ചനെ തോല്‍പ്പിച്ചാണ് നിയമസഭാംഗമായത്. 1977ല്‍ വീണ്ടും നിയമസഭാംഗമായി. 85ല്‍ സി,കെ കുമാരനോട് പരാജയപ്പെട്ടു.
എം.എല്‍.എയായി രണ്ടാമതും വിജയിച്ചപ്പോഴാണ് മന്ത്രിയായത്. പി.കെ വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ പട്ടികജാതി, വര്‍ഗ സാമൂഹ്യ ക്ഷേമമന്ത്രിയായിരുന്നു. അക്കാലത്താണ് പട്ടികജാതിക്കാര്‍ക്ക് പി.എസ്.സി അപേക്ഷ ഫോം സൗജന്യമാക്കിയതും വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരിക്കേ അദ്ദേഹം ഭാരതധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷ്ട്രശബ്ദം ദ്വൈവാരികയുടേയും പ്രിന്ററും പബ്ലിഷറും ആയിരുന്നു.