ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി ലോക്‌സഭാ എം.പിയുമായ ബാബൂള്‍ സുപ്രിയോ രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനമാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി അത് കൂട്ടിക്കെട്ടുന്നില്ലെന്നും സുപ്രിയോ പറഞ്ഞു.
‘ എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നത് ഞാന്‍ അനുസരിക്കുന്നു. വേറെ ഒരു പാര്‍ട്ടിയിലും അംഗത്വം എടുക്കുന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചിട്ടില്ല. കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലും ചേരുന്നില്ല.
ഒരു പാര്‍ട്ടിയില്‍ ചേരാനും ക്ഷണമുണ്ടായിട്ടുമില്ല. എന്നും മോഹന്‍ബഗാനെ പിന്തുണച്ചയാളാണ് ഞാന്‍. പശ്ചിമ ബംഗാളിലെ ബി.ജെ.പിയ്ക്കായി എന്നും നിലകൊണ്ടിട്ടേയുള്ളു. ഇനിയും അങ്ങനെ തന്നെയാകും,’ ബാബുള്‍ ഫേസ്ബുക്കിലെഴുതി.
രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് പിന്നാലെ കാബിനറ്റ് പദവി നഷ്ടപ്പെട്ടയാളുകൂടിയാണ് ബാബുള്‍ സുപ്രിയോ.
ഏപ്രില്‍-മെയില്‍ നടന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അരൂപ് ബിശ്വാസിനോട് തോറ്റത് അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ വലിയ തിരിച്ചടിയായിരുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത്, 2014 നവംബര്‍ മുതല്‍ 2016 വരെ നഗരവികസനം, പാര്‍പ്പിടം, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, 2016 ജൂലൈ മുതല്‍ വ്യവസായം എന്നിങ്ങനെയുള്ള സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു. പരിസ്ഥിതി സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.