തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥന്‍ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഡയാലിസിസുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. രാവിലെ 9: 35ടെയാണ് അന്ത്യം സ്ഥിരീകരിച്ചത്.
1940 ഏപ്രില്‍ 22ന് കുന്നംകുളത്തായിരുന്നു ജനനം. കേരള വര്‍മ കോളേജില്‍ നിന്നും ബിരുദം നേടിയതിന് ശേഷം അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു. യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 67 മുതല്‍ 70 വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ല പ്രസിഡന്റായിരുന്നു. 1970ലും 87ലും തൃശൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971ലും 80ലും കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായി.
1977ല്‍ കുന്നംകുളം നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി. 1987ല്‍ കൊടകര മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 1991ലും 96ലും കൊടകരയില്‍ നിന്നും വിജയിച്ചു. 1991 മുതല്‍ 94 വരെയും 2004-2005 വര്‍ഷങ്ങളിലും വനംമന്ത്രിയായിരുന്നു.
2011ല്‍ പുതുക്കാടി മണ്ഡലത്തില്‍ മത്സരിച്ച് സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. പിന്നീട് സംഘടനാപ്രവര്‍ത്തനങ്ങളിലേക്ക് മാറി. സമീപകാലത്ത് രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
Content Highlight: Former minister and Congress leader K.P. Viswanathan passed away