| Friday, 19th November 2021, 10:06 pm

അടുത്തൊന്നും തെരഞ്ഞെടുപ്പില്ലാഞ്ഞിട്ടാണോ, ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചു; അവശ്യ സാധന വില വര്‍ധനയില്‍ സര്‍ക്കാരിനെ പരിഹസിച്ച് അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: അവശ്യ സാധനങ്ങളുടെ വില വര്‍ധനയില്‍ സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ മന്ത്രി അബ്ദുറബ്ബ്. വൈദ്യുതി ചാര്‍ജ്ജും, ബസ് ചാര്‍ജ്ജും, വാട്ടര്‍ ചാര്‍ജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തന്റെ പരിഹാസം.

‘ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോള്‍ പച്ചക്കറിയും മോശമാക്കിയില്ല.
മുരിങ്ങയും, വെണ്ടക്കയും, ബീന്‍സും വരെയിപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ്. ഇതൊന്നും വിലക്കയറ്റമാണെന്ന് ആരും
തെറ്റിദ്ധരിക്കരുത്, നമ്മുടെ നാട്ടിനെ യൂറോപ്പ് പോലെയാക്കുമെന്ന് എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് തന്ന ഉറപ്പാണ്. അതാണ് യാഥാര്‍ത്ഥ്യമാകുന്നത്,’ അബ്ദുറബ്ബ് എഴുതി.

പെട്രോള്‍, ഡീസല്‍ അധിക നികുതി കുറക്കാന്‍ പറഞ്ഞപ്പോള്‍ കേള്‍ക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങള്‍ക്കില്ല. വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സര്‍ക്കാര്‍ കിറ്റിലൂടെ നല്‍കുന്നുണ്ടല്ലോ.

സര്‍ക്കാര്‍ നല്‍കുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വര്‍ണ്ണം
തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാല്‍ തന്നെ ഒരു മാസത്തിനത് ധാരാളമാണ്.

അടുത്ത കിറ്റില്‍ ഓരോ കോലുമിഠായി കൂടി നല്‍കുന്നതോടെ ജനത്തിന് സന്തോഷമാകുമെന്നും അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Former  Minister Abdu Rabb has ridiculed the government over the rise in prices of essential commodities

We use cookies to give you the best possible experience. Learn more