| Friday, 10th May 2024, 7:00 pm

'ലോകകപ്പ് സെലക്ഷന്‍ ലഭിച്ചയുടന്‍ സഞ്ജുവിനോട് സംസാരിച്ചു, എന്നാല്‍ കേരളം കിരീടം നേടുന്നതിനെ കുറിച്ചായിരുന്നു അവന് പറയാനുണ്ടായിരുന്നത്'

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന് ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടത് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ഐ.പി.എല്ലില്‍ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും അതിലുപരി ബാറ്ററായും മികച്ച പ്രകടനം പുറത്തെടുത്താണ് ലോകകപ്പ് സ്‌ക്വാഡിനുള്ള ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം സഞ്ജു നേടിയെടുത്തത്.

ലോകകപ്പ് സ്‌ക്വാഡില്‍ സെലക്ഷന്‍ ലഭിച്ചതിന് ശേഷം സഞ്ജുവിനോട് സംസാരിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ഫീല്‍ഡിങ് കോച്ചും സഞ്ജുവിന്റെ മുന്‍കാല മെന്റുമായ ബിജു ജോര്‍ജ്.

ലോകകപ്പ് ടീമിനെ കുറിച്ച് താന്‍ സംസാരിക്കുമ്പോള്‍ കേരള ക്രിക്കറ്റിനെ കുറിച്ചാണ് സഞ്ജു സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു.

‘ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ സെലക്ഷന്‍ ലഭിച്ച് മിനിട്ടുകള്‍ക്കകം തന്നെ ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു. എന്നാല്‍ അടുത്ത ഡൊമസ്റ്റിക് സീസണില്‍ കേരളം ചുരുങ്ങിയത് ഒരു കിരീടമെങ്കിലും നേടുന്നതിനെ കുറിച്ച് സംസാരിക്കാനാണ് സഞ്ജു താത്പര്യപ്പെട്ടത്.

ദേശീയ തലത്തില്‍ കേരളം മികവ് പുലര്‍ത്തിയാല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ ക്രിക്കറ്റ് കളിക്കുമെന്നും അവന്‍ പറഞ്ഞു,’ ബിജു ജോര്‍ജിന്റെ വാക്കുകളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ചെറുപ്പകാലം മുതല്‍ തന്നെ സഞ്ജു ക്രിക്കറ്റിലെ തന്റെ കഴിവുകള്‍ എങ്ങനെയാണ് മെച്ചപ്പെടുത്തിയത് എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

‘മഴയായാലും വെയിലായാലും സഞ്ജുവും അവന്റെ സഹോദരന്‍ സാലിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരിക്കും. ഒരു ദിവസം ഇവിടെ കനത്ത മഴ പെയ്തിരുന്നു. വിഴിഞ്ഞത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള നെറ്റ്സില്‍ സഞ്ജു കളിക്കാന്‍ വരില്ലെന്ന് ഞാന്‍ കരുതി.

എന്നാല്‍ അവന്‍ കൃത്യസമയത്ത് അവിടെ എത്തിയിരുന്നു. ഇതിലൂടെ അവന്‍ ഇനിയും ഉയരങ്ങളിലേക്കെത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ലോകകപ്പില്‍ സഞ്ജുവിന് തന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറച്ചുവിശ്വസിക്കുന്നത്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

യശസ്വി ജെയ്സ്വാള്‍

വിരാട് കോഹ്‌ലി

സൂര്യകുമാര്‍ യാദവ്

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)

ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)

ശിവം ദുബെ

രവീന്ദ്ര ജഡേജ

അക്സര്‍ പട്ടേല്‍

കുല്‍ദീപ് യാദവ്

യൂസ്വേന്ദ്ര ചഹല്‍

അര്‍ഷ്ദീപ് സിങ്

ജസ്പ്രീത് ബുംറ

മുഹമ്മദ് സിറാജ്

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ഇത്തവണ ലോകകപ്പിന് വേദിയൊരുക്കുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ഈസ്റ്റ് മെഡോയാണ് വേദി.

ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 05 vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

Content highlight: Former mentor about Sanju Samson

We use cookies to give you the best possible experience. Learn more