| Saturday, 27th August 2022, 9:21 am

മര്യാദക്ക്, മാന്യതയോടെ കളിക്കാമെങ്കില്‍ ഇവിടെ കളിക്കാം; കോച്ച് അപമാനിച്ചതിന് പിന്നാലെ റൊണാള്‍ഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ യുണൈറ്റഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ശനിദശ മാറുന്നില്ല. സതാംപ്ടണുമായുള്ള മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരത്തില്‍ റൊണാള്‍ഡോ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ ഉണ്ടോ എന്ന് പോലും സംശയമാണ്.

ഇതിനിടയിലാണ് മാഞ്ചസ്റ്ററില്‍ കളിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രൊഫഷണലായി കളിക്കണമെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം നോയന്‍ വീലന്‍.

റൊണാള്‍ഡോ നിലവാരത്തോടെ കളിക്കണമെന്നും ഡ്രസ്സിങ് റൂമിലടക്കം പ്രൊഫഷണലാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫുട്‌ബോള്‍ ഇന്‍സൈഡറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വീലന്‍ ഇക്കാര്യം പറഞ്ഞത്.

‘തിങ്കളാഴ്ചത്തെ വിജയത്തിന് പിന്നാലെ അവന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. അദ്ദേഹം വളരെ മികച്ച കളിക്കാരനാണ്, അതില്‍ ഒരു സംശയവും വേണ്ട. അവന്‍ കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത കളിയെന്തോ, അത് എന്തുതന്നെ സംഭവിച്ചിട്ടായാലും ഈ സീസണിലും പുറത്തെടുക്കണം,’ അദ്ദേഹം പറഞ്ഞു.

റൊണാള്‍ഡോ ഡ്രസ്സിങ് റൂമിലടക്കം പ്രൊഫഷണലായി മാത്രം കാര്യങ്ങളെ സമീപിക്കണമെന്നും യുവതാരങ്ങളെ മെന്റര്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റൊണാള്‍ഡോ ഡ്രസ്സിങ് റൂമില്‍ മറ്റ് താരങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രൊഫഷണലായ ഒരു കളിക്കാരനായിരിക്കണം. വളരെയധികം വിവാദങ്ങള്‍ അദ്ദേഹം ഇതിനോടകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

അവന്‍ ഇനി കൃത്യമയ ഒരു പ്ലാന്‍ തയ്യാറാക്കണം. ഇനി കഠിനമായി അധ്വാനിച്ചെങ്കില്‍ മാത്രമേ അവന് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ,’ വീലന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാഞ്ചസ്റ്റര്‍ കോച്ച് എറിക് ടെന്‍ ഹാഗ് മറ്റു താരങ്ങള്‍ക്ക് മുമ്പില്‍ വെച്ച് റൊണാള്‍ഡോയെ അപമാനിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ടീം മീറ്റിങ്ങിനിടെ മറ്റ് സഹതാരങ്ങളുടെ മുമ്പില്‍ വെച്ച് റൊണോയുടെ ആറ്റിറ്റിയൂഡ് ശരിയല്ലെന്നും അടുത്ത മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ താരം കളിക്കില്ലെന്നും പ്രഖ്യാപിച്ച ടെന്‍ ഹാഗ്, തന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് മാത്രമേ മാഞ്ചസ്റ്ററില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും റൊണാള്‍ഡോയോട് പറഞ്ഞിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും നാണംകെട്ട് തോറ്റ മാഞ്ചസ്റ്റര്‍ മൂന്നാം മത്സരത്തില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയിരുന്നു. പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നാലാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സതാംപ്ടണെ നേരിടും.

പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്താണ് സതാംപ്ടണ്‍. ഒരു വിജയവും രണ്ട് തോല്‍വിയുമുള്‍പ്പടെ മൂന്ന് പോയിന്റുമായി മാഞ്ചസ്റ്റര്‍ 14ാം സ്ഥാനത്താണ്.

Content Highlight: Former Manchestrer United star Noel Whelan slams Cristiano Ronaldo

We use cookies to give you the best possible experience. Learn more