| Thursday, 21st September 2023, 8:14 pm

'ദി കംപ്ലീറ്റ് ഫുട്‌ബോളര്‍'; ഹാലണ്ടോ മെസിയോ!! 2023 ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് മുന്‍ സിറ്റി ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ബാലണ്‍ ഡി ഓര്‍ ജേതാവ് ആരാകുമെന്നുള്ളതില്‍ തന്റെ അഭിപ്രായം പങ്കുവെച്ച് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ റിച്ചാര്‍ഡ് ഡണ്‍. ഒ.എല്‍.ബി.ജിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു ഡുണ്‍ 2023ലെ ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രവചിച്ചത്.

‘2023ലെ ബാലണ്‍ ഡി ഓര്‍ ജേതാവ് ആരായിരിക്കും ലയണല്‍ മെസിയോ അതോ എര്‍ലിങ് ഹാലണ്ടോ?’ എന്ന ചോദ്യത്തിനാണ് ഡണ്‍ മറുപടി നല്‍കിയത്. അഭിമുഖത്തില്‍ ഹാലണ്ടിനെ വാനോളം പുകഴ്ത്തിയ ഡണ്‍ ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ മെസി നേടുമെന്നും അഭിപ്രായപ്പെട്ടു.

‘അവന്‍ ആരാലും തൊടാന്‍ പറ്റാത്തവനായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അവന്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഇതുവരെ അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കാത്തതിന്റെ കാരണം ഒരുപക്ഷേ ആ ഒമ്പതാം നമ്പര്‍ താരം ടീമിനൊപ്പമില്ലാത്തതായിരിക്കാം.

ചാമ്പ്യന്‍സ് ലീഗില്‍ പിന്നീടുള്ള മത്സരങ്ങളില്‍ അവന്‍ ഗോള്‍ നേടിയിരുന്നില്ല എന്ന കാര്യം എനിക്കറിയാം. പക്ഷേ അവന്‍ എതിരാളികള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കി.

തന്നെ മാര്‍ക്ക് ചെയ്യാന്‍ എതിര്‍ ടീം താരങ്ങളെ ഏവന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവനെ മാര്‍ക്ക് ചെയ്യാന്‍ ചിലപ്പോള്‍ രണ്ട് പേര്‍ പോലും ആവശ്യമായി വന്നു. അവന്‍ മറ്റ് സ്ഥലങ്ങളില്‍ കളിക്കാനാവശ്യമായ സ്‌പേസ് തുറന്നുകൊടുത്തിരുന്നു,’ ഡണ്‍ പറഞ്ഞു.

ലയണല്‍ മെസിയാണ് ഹാലണ്ടിനേക്കാള്‍ കംപ്ലീറ്റ് ഫുട്‌ബോളറാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഡണ്‍ അഭിപ്രായപ്പെട്ടു.

‘ എന്തിന്റെ അടിസ്ഥാനത്തിലാണ് ബാലണ്‍ ഡി ഓര്‍ ജോതാവിനെ തീരുമാനിക്കുന്നതെങ്കിലും ലയണ്‍ മെസിയാണ് എര്‍ലിങ് ഹാലണ്ടിനേക്കാള്‍ കംപ്ലീറ്റ് ഫുട്‌ബോളര്‍ എന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ ടോപ് ക്വാളിറ്റി ഫുട്‌ബോളറാണ്. ഹാലണ്ട് വളരെ മികച്ച താരമാണെങ്കില്‍ക്കൂടിയും അവന്‍ പലതും മെച്ചപ്പെടുത്താനുണ്ട്.

ഹാലണ്ടിന് ഇപ്പോഴും ബോക്‌സിന് പുറത്തും മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കും. ഔട്ട് ആന്‍ഡ് ഔട്ട് ഗോള്‍വേട്ടക്കാരെ പരിശോധിക്കുകയാമെങ്കില്‍ ലോകത്തൊരാള്‍ക്കും ഹാലണ്ടിനെ തൊടാന്‍ സാധിക്കില്ല,’ ഡണ്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 30നാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ദാനം. ഇത്തവണ മെസിക്കും ഹാലണ്ടിനുമാണ് പുരസ്‌കാരം നേടാന്‍ ഏറെ സാധ്യത കല്‍പിക്കുന്നത്. അര്‍ജന്റീനക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും നേടിക്കൊടുക്കുകയും 2022 ലോകകപ്പിന്റെ താരവുമായതാണ് മെസിയെ പുരസ്‌കാര നേട്ടത്തിന് അര്‍ഹനാക്കുന്നതെങ്കില്‍ പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവുമടക്കം മാഞ്ചസ്റ്റര്‍ സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടം നേടിക്കൊടുത്തതാണ് ഹാലണ്ടിനുള്ള യോഗ്യത.

Content highlight: Former Manchestrer City captain  says Messi will win 2023 Ballon d Or

We use cookies to give you the best possible experience. Learn more