ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഉറുഗ്വേയെ രണ്ട് ഗോളിന് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളാണ് പോര്‍ച്ചുഗലിനെ വിജയിപ്പിച്ചത്.
മത്സരത്തിന്റെ 54ാം മിനിട്ടിലും ഇന്‍ജുറി ടൈമിലെ പെനാല്‍ട്ടിയിലൂടെയുമായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. എന്നാല്‍ ആദ്യ ഗോള്‍ നേടിയത് ആരാണ് എന്നതിനെ സംബന്ധിച്ച് ചില സംശയങ്ങളും ഉയര്‍ന്നിരുന്നു.
ഇടതുവിങ്ങില്‍ നിന്ന് ഉറുഗ്വേയുടെ പ്രതിരോധ മതിലിനെ മറികടന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് വലയിലെത്തുകയായിരുന്നു. ഈ പന്ത് ഹെഡ് ചെയ്യാനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉയര്‍ന്ന് ചാടുകയും ചെയ്തിരുന്നു. ഇതാണ് കാര്യങ്ങള്‍ കണ്‍ഫ്യൂഷനാക്കിയത്.
പന്ത് റോണോയുടെ തലയില്‍ തട്ടി ഗോളായെന്നാണ് ആദ്യം കരുതിയത്. ഗോള്‍ നേട്ടവും താരത്തിന്റെ പേരിലാണ് അടയാളപ്പെടുത്തിയത്. എന്നാല്‍, ബ്രൂണോയുടെ ക്രോസ് നേരിട്ട് തന്നെ വലയിലെത്തി എന്ന് കണ്ടെത്തിയതോടെ തീരുമാനം തിരുത്തുകയായിരുന്നു.
സംഭവം ആദ്യമേ മനസിലാക്കിയ റോണോ തന്റെ പതിവ് ഗോള്‍ സെലിബ്രേഷനില്‍ നിന്ന് വിട്ടുനിന്ന് ബ്രൂണോയെ അഭിനന്ദിക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ റൊണാള്‍ഡോയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ താരം ജോണ്‍ ബെഞ്ചമിന്‍ ഷാര്‍പ്‌ലെസ്. ക്രിക്കറ്റില്‍ എല്‍.ബി.ഡബ്ല്യൂവില്‍ ബാറ്ററുടെ പാഡുമായോ ബാറ്റുമായോ കോണ്‍ടാക്ട് ഉണ്ടോ എന്ന് പരിശോധിക്കുന്ന അള്‍ട്രാ എഡ്ജ് സംവിധാനത്തെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ജോണിന്റെ ട്വീറ്റ്.
ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയറിന്റെ ഡിസിഷനെടുക്കുമ്പോള്‍ ഫീല്‍ഡ് അമ്പയറോട് പറയുന്നത് പോലെയാണ് താരം റൊണാള്‍ഡോയുടെ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
‘അള്‍ട്രാ എഡ്ജ് ലൈന്‍ ഫ്‌ളാറ്റായി തന്നെയാണ് തുടരുന്നത്. തലയുമായി ഒരു തരത്തിലുമുള്ള കോണ്‍ടാക്ടുമില്ല. നിങ്ങളുടെ തീരുമാനം മാറ്റാനും ആ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് നല്‍കാനും ഞാന്‍ നിര്‍ദേശിക്കുന്നു,’ എന്നായിരുന്നു ഷാര്‍പ്‌ലെസ് ട്വീറ്റ് ചെയ്തത്.
അതേസമയം, ഗ്രൂപ്പ് എച്ചില്‍ രണ്ടാം മത്സരത്തിലെ തോല്‍വിയോടെ ഉറുഗ്വേയുടെ ഭാവി തുലാസിലായിരിക്കുകയാണ്. മറ്റ് മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഉറുഗ്വേയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത.
രണ്ട് മത്സരത്തില്‍ രണ്ടും വിജയിച്ച് ആറ് പോയിന്റുമായി പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ട് കളിയില്‍ ഒരു തോല്‍വിയും ഒരു വിജയവുമായി മൂന്ന് പോയിന്റുള്ള ഘാന രണ്ടാം സ്ഥാനത്താണ്. ഒരു സമനിലയും ഒരു പരാജയവുമുള്ള സൗത്ത് കൊറിയയും ഉറുഗ്വേയും ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്താണ്.
Content Highlight: Former Manchester United star trolls Cristiano Ronaldo