ഇന്റര്‍ മയാമിയില്‍ ഇതിഹാസ താരം ലയണല്‍ മെസിക്കൊപ്പം പന്തുതട്ടാനുള്ള അവസരം മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം നിരാകരിച്ചതായി റിപ്പോര്‍ട്ടുകള്‍.
അര്‍ജന്റൈന്‍ ഇന്റര്‍നാഷണലും മുന്‍ യുണൈറ്റഡ് ഡിഫന്‍ഡറുമായ മാര്‍കോസ് റോജോയാണ് മെസി നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷവും ഇന്റര്‍ മയാമിയുമായി കരാറിലെത്താന്‍ വിസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബ് ബോക ജൂനിയേഴ്‌സിനൊപ്പമാണ് റോജോ പന്തുതട്ടുന്നത്. 2025 വരെയാണ് ബോക ജൂനിയേഴ്‌സില്‍ താരത്തിന്റെ കാലാവധി.
2014 മുതല്‍ 2020 വരെയുള്ള ആറ് വര്‍ഷക്കാലമാണ് റോജോ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചെലവഴിച്ചത്. ഇക്കാലയളവില്‍ റെഡ് ഡെവിള്‍സിനായി 122 മത്സരത്തില്‍ കളത്തിലിറങ്ങിയ റോജോ രണ്ട് ഗോളും നാല് അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
സ്പാനിഷ് പബ്ലിക്കേഷനായ സ്‌പോര്‍ട്‌സ് ബൈബിളിന്റെ റിപ്പോര്‍ട്ട് പ്രകാരം മെസിയും മയാമി പരിശീലകനും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു.
മെസിക്കൊപ്പം നിലവില്‍ ബോക്ക ജൂനിയേഴ്‌സിന്റെ താരവും മുന്‍ ബാഴ്‌സ താരവുമായ ക്രിസ്റ്റ്യൻ മെഡിനയെയും ഹെറോണ്‍സ് ടീമിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ബോകാ ജൂനിയേഴ്‌സ് പരിശീലകനും അര്‍ജന്റൈന്‍ ഇതിഹാസവുമായ റിക്വെല്‍മിക്ക് റോജോ വാട്‌സ് ആപ്പിലൂടെ ‘ഞാന്‍ ഇവിടെ തുടരുന്നു’ എന്ന് മെസേജ് അയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതുകൊണ്ടുതന്നെ താരം ഉടന്‍ തന്നെ മേജര്‍ ലീഗ് സോക്കറിന്റെ ഭാഗമാകില്ല എന്നാണ് വ്യക്തമാകുന്നത്.
സ്‌പോര്‍ട്‌സ് ബൈബിളിന്റെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മീറസിന്റെ ക്ഷണവും റോജോ നിരസിച്ചിരിക്കുകയാണ്. 2024 കോപ്പ ലിബര്‍ട്ടഡോറിന് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കിലും താരം ടീമിനൊപ്പം തുടരാന്‍ ഒരുങ്ങുകയാണ്.
Content highlight: Former Manchester United star Marcos Rojo rejects offer from Inter Miami despite phone call from Lionel Messi