ഫുട്‌ബോള്‍ ലോകത്ത് പകരം വെക്കാനില്ലാത്ത പേരുകളിലൊന്നാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടേത്. ഗോളുകളും കിരീടങ്ങളുമായി ഫുട്‌ബോളിലെ ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന താരമാണ് ആരാധകരുടെ സ്വന്തം ലിയോ.
ഏഴ് തവണയാണ് മെസി ഫുട്‌ബോളിലെ ഏറ്റവും പ്രസ്റ്റീജ്യസായ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. ബാലണ്‍ ഡി ഓറിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം തവണ ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയതും മെസി തന്നെ.
2010ല്‍ ആദ്യ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ മെസി ഈ വര്‍ഷം വരെ ആദ്യ സ്ഥാനങ്ങളില്‍ തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് മെസി ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ നിന്നും പുറത്താവുന്നത്.
നിരവധി പേര്‍ മെസി ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്തായത് ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മെസി നേടിയ ബാലണ്‍ ഡി ഓറിന്റെ എണ്ണത്തെ കുറിച്ചും മെസി എന്ന ഫുട്‌ബോള്‍ ലെജന്‍ഡിന്റെ കരിയറിനെ കുറിച്ചും സൗകര്യപൂര്‍വം മറക്കുന്നവരാണ്.
എന്നാലിതാ, മെസി ഇനിയും നാല് തവണ കൂടി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം അന്റോണിയോ വലെന്‍സിയ.
ഇനിയും നാല് വര്‍ഷങ്ങള്‍ കൂടി മെസിക്ക് കളിക്കാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും നാല് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുമെന്നായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരം പറഞ്ഞത്.
‘ഇനി എത്ര കാലം കൂടി കളത്തിലുണ്ടാകുമെന്ന് നിങ്ങള്‍ മെസിയോട് ചോദിക്കൂ, മൂന്നോ നാലോ എന്ന് അദ്ദേഹം പറഞ്ഞാല്‍ നിങ്ങള്‍ മനസിലാക്കണം നാല് ബാലണ്‍ ഡി ഓര്‍ കൂടി അദ്ദേഹം നേടാന്‍ പോവുകയാണെന്ന്,’ വലെന്‍സിയ പറഞ്ഞു.
ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിയപ്പോള്‍ സ്ട്രഗിള്‍ ചെയ്യുന്ന മെസിയെയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ കാഴ്ച. ഗോളടിക്കാനോ അടിപ്പിക്കാനോ പറ്റാതെ ഗ്രൗണ്ടില്‍ നിസ്സഹായനായി നില്‍ക്കുന്ന മെസിയെയായിരുന്നു കായിക ലോകം കണ്ടത്.
എന്നാല്‍ ഈ സീസണില്‍ മെസി തന്റെ വിശ്വരൂപം പതിയെ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. മുന്നേറ്റനിരയില്‍ നെയ്മറിന്റെയും എംബാപ്പെയ്ക്കുമൊപ്പം മികച്ച കെമിസ്ട്രി നിലനിര്‍ത്തുന്ന മെസി, എം.എസ്.എന്‍ ത്രയത്തിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ലയണല്‍ മെസി എന്ന ഫുട്‌ബോള്‍ താരത്തെ, ഇന്നുകാണുന്ന ഇതിഹാസമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ ബാഴ്‌സലോണ വഹിച്ച പങ്ക് ചെറുതല്ല.
17 വര്‍ഷത്തെ ഐതിഹാസികമായ കരിയറിന് ശേഷമാണ് മെസി ബാഴ്‌സയോട് വിടപറഞ്ഞത്. 778 കളിയില്‍ നിന്നും 672 ഗോളും 303 അസിസ്റ്റും സ്വന്തമാക്കിയാണ് മെസി ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരമെന്ന രീതിയില്‍ വളര്‍ന്നത്.
ക്ലബ്ബിന് വേണ്ടി മാത്രമല്ല, അര്‍ജന്റീനക്ക് വേണ്ടിയും മെസി കിരീടം നേടിക്കൊടുത്തിരുന്നു. ക്ലബ്ബിന് വേണ്ടി തിളങ്ങുകയും, രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ മങ്ങുകയും ചെയ്യുന്നവന്‍ എന്ന ചീത്തപ്പേര് എണ്ണം പറഞ്ഞ രണ്ട് കപ്പുകള്‍ നേടിക്കൊടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്.
കോപ്പ അമേരിക്കയും ഫൈനലിസിമയും അര്‍ജന്റീനക്കായി നേടിക്കൊടുത്ത മെസിയില്‍ നിന്നും ഖത്തറിലെ ലോകകപ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content highlight: Former Manchester United star Antonio Valencia says Lionel Messi will win 4 more Ballon d’Or