| Wednesday, 31st July 2024, 2:07 pm

ഫുട്‍ബോളിൽ നിന്നും വിരമിച്ചതിനുശേഷം മെസി അവരുടെ പരിശീലകനാവണം: നിർദേശവുമായി മുൻ ബ്രസീലിയൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ മെസി പരിശീലകന്റെ റോള്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ക്ലബര്‍സണ്‍.

‘മെസി മേജര്‍ ലീഗ് സോക്കറില്‍ വന്നതിനുശേഷം ആളുകള്‍ക്ക് എം.എല്‍.എസ്സിനോടുള്ള സമീപനത്തിൽ വളരെ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ഈ ലീഗില്‍ നടത്തുന്ന പ്രകടനങ്ങള്‍ അവിശ്വസനീയമാണ്.

അതുകൊണ്ടുതന്നെ മെസി ഒരു എം.എല്‍.എസ്സ് ക്ലബ്ബിന്റെ പരിശീലകനായി മാറുകയാണെങ്കില്‍ ഇപ്പോള്‍ ഇവിടെയുള്ള ഇമ്പാക്ട് ഇതിനേക്കാള്‍ വളരെ വലുതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ എല്ലാ മികച്ച കളിക്കാര്‍ക്കും ഒരു മികച്ച മാനേജര്‍ ആകാന്‍ സാധിക്കണമെന്നില്ല. മയാമി അല്ലെങ്കില്‍ മറ്റേതെങ്കിലും ടീമിന്റെ പരിശീലക സ്ഥാനം മെസിക്ക് കിട്ടിയാല്‍ വിജയ സാധ്യതകള്‍ വളരെ കൂടുതലായിരിക്കും,’ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കായിക മാധ്യമമായ ഡാസനിലൂടെ പറഞ്ഞു.

2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തുന്നത്. അര്‍ജന്റൈന്‍ സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ലീഗില്‍ മികച്ച വിജയ കുതിപ്പായിരുന്നു മയാമി നടത്തിയിരുന്നത്.

ഇതിനോടകം തന്നെ അമേരിക്കന്‍ ക്ലബ്ബിനുവേണ്ടി 29 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 25 ഗോളുകളും 16 അസിസ്റ്റുകളുമാണ് സ്വന്തം പേരിലാക്കി മാറ്റിയിട്ടുള്ളത്. മെസിയുടെ വരവോടുകൂടി ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പും മയാമി സ്വന്തമാക്കിയിരുന്നു.

മെസിയുടെ ഇന്റര്‍ മയാമിക്കൊപ്പമുള്ള കരാര്‍ 2025 ഡിസംബറില്‍ ആണ് അവസാനിക്കുന്നത്. ഇതിനുശേഷം അമേരിക്കന്‍ ക്ലബ്ബ് താരവുമായി പുതിയ കരാറില്‍ ഏര്‍പ്പെടുമോ എന്നതും കണ്ടുതന്നെ അറിയണം.

രാജ്യാന്തര തലത്തിലേക്ക് വരുകയാണെങ്കില്‍ അര്‍ജന്റീനക്കൊപ്പം അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക നേടിയ തിളക്കത്തിലാണ് ഇപ്പോള്‍ മെസി. സമീപകാലങ്ങളില്‍ അര്‍ജന്റീന നാല് കിരീടങ്ങളാണ് നേടിയത്. രണ്ട് കോപ്പ അമേരിക്ക, ഫൈനലീസീമ, ലോകകപ്പ് എന്നീ കിരീടങ്ങള്‍ ആണ് ലയണല്‍ മെസിയുടെ കീഴില്‍ അര്‍ജന്റീന നേടിയത്.

രണ്ട് വര്‍ഷത്തിനുശേഷം മറ്റൊരു ലോകകപ്പ് കൂടി മുന്നില്‍ നില്‍ക്കുമ്പോള്‍ മെസി അര്‍ജന്റീക്കായി കളിക്കുമോ എന്നും കണ്ടു തന്നെ അറിയണം.

Content Highlight: Former Manchester United Player Talks About Lionel Messi Future

We use cookies to give you the best possible experience. Learn more