റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരമാവുമെന്ന് ആ ഒറ്റ നിമിഷത്തിൽ ഞാൻ മനസിലാക്കി: മുൻ ഇംഗ്ലണ്ട് താരം
Football
റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരമാവുമെന്ന് ആ ഒറ്റ നിമിഷത്തിൽ ഞാൻ മനസിലാക്കി: മുൻ ഇംഗ്ലണ്ട് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 2:13 pm

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി മാറുമെന്ന് മനസിലാക്കിയ നിമിഷത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുൻ ഇംഗ്ലണ്ട് താരം നിക്കി ബട്ട്. 2006ല്‍ നടന്ന ഒരു മത്സരത്തില്‍ റൊണാള്‍ഡോ നടത്തിയ മികച്ച പ്രകടനങ്ങളെക്കുറിച്ചായിരുന്നു ബട്ട് പറഞ്ഞത്.

റൊണാള്‍ഡോയുടെ ഈ പ്രകടനം കണ്ട അന്ന് തന്നെ റൊണാള്‍ഡോ ഭാവിയില്‍ മികച്ചൊരു താരമായി മാറുമെന്ന് ഉറപ്പായിരുന്നു എന്നാണ് നിക്കി പറഞ്ഞത്. ടോക്ക്സ്‌പോര്‍ട്സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം.

‘റൊണാള്‍ഡോക്ക് ഫുട്‌ബോളില്‍ ഉയരങ്ങളില്‍ എത്താനുള്ള കഴിവുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ അവന്റെ കഴിവ് വളരെ വ്യത്യസ്തമാണ്. എന്റെ അഭിപ്രായത്തില്‍ ഒരു മികച്ച താരമായി മാറണമെങ്കില്‍ നിങ്ങള്‍ എപ്പോഴും ഒരു മികച്ച മനുഷ്യനാകണം.

ഞാന്‍ റൊണാള്‍ഡോയുടെ ഒരു മത്സരം കണ്ടത് ഓര്‍ക്കുന്നു. ഞാന്‍ അന്ന് ന്യൂകാസില്‍ യുണൈറ്റഡില്‍ ആയിരുന്നു. ഫുള്‍ ഹാമിനെതിരെയുള്ള മത്സരത്തിൽ അവന്‍ എട്ടു കളിക്കാരെ മറികടന്നുകൊണ്ട് മുന്നോട്ടുപോയി. അത് 2006ല്‍ ആയിരുന്നു. അന്നേ ഞാന്‍ മനസില്‍ കരുതി റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറുമെന്ന്,’ മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു.

2003ലായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ബട്ടിന് റൊണാള്‍ഡോക്കൊപ്പം ഒരു സീസണില്‍ മാത്രമേ കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. 2004 ലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് മറ്റു ക്ലബ്ബിലേക്ക് ചേക്കേറിയത്.

അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. നിലവില്‍ സൗദിയില്‍ തന്റെ പ്രായത്തെ പോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടനങ്ങളാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്.

യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്. റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു.

 

Content Highlight: Former Manchester United player Talks About Cristaino Ronaldo