| Monday, 24th October 2022, 9:52 pm

അവന്‍ അത് ചെയ്തു എന്നത് തന്നെ ഏറ്റവും വലിയ നാണക്കേടാണ്; റൊണാള്‍ഡോക്കെതിരെ ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മത്സരത്തിന് മുമ്പ് കളം വിട്ടുപോയതിന് പിന്നാലെ റൊണാള്‍ഡോക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ഇനിയും അന്ത്യമായിട്ടില്ല. മത്സരത്തിന് പിന്നാലെ തന്നെ മാഞ്ചസ്റ്റര്‍ കോച്ച് എറിക് ടെന്‍ ഹാഗും ആരാധകരും താരത്തിനെതിരെ തിരിഞ്ഞിരുന്നു. റൊണാള്‍ഡോക്കെതിരായ ശിക്ഷയെന്നോണം താരത്തെ ചെല്‍സിയുമായുള്ള മത്സരത്തില്‍ നിന്നും പുറത്താക്കുകയും രണ്ടാഴ്ചത്തെ ശമ്പളം പിടിക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും അതുണ്ടാക്കിയ വിവാദങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. ഇതിന് തെളിവാണ് റൊണാള്‍ഡോക്കെതിരെ ഇപ്പോഴും ഉയരുന്ന വിമര്‍ശനങ്ങള്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ ഗോള്‍കീപ്പറും ഇംഗ്ലീഷ് ഇന്റര്‍നാഷണലുമായ ബെന്‍ ഫോസ്റ്ററാണ് ഇപ്പോള്‍ റോണാള്‍ഡോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

റൊണാള്‍ഡോ അങ്ങനെ ചെയ്തത് നാണക്കേടാണെന്നായിരുന്നു ഫോസ്റ്ററിന്റെ അഭിപ്രായം. റൊണാള്‍ഡോയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അയാളുടെ കരിയര്‍ തന്നെ അവസാനിക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

യുണൈറ്റഡ് സ്റ്റാന്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെന്‍ ഫോസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്.

‘അത് റൊണാള്‍ഡോ അല്ലായിരുന്നെങ്കില്‍ എല്ലാം അവിടം കൊണ്ട് തീര്‍ന്നേനേ.

അവന്‍ അത് ചെയ്തു എന്നത് വലിയ നാണക്കേടാണ്. ഇത് അവന്റെ ലെഗസിയെയോ പ്രശസ്തിയോ നശിപ്പിക്കും എന്നൊന്നും ഞാന്‍ കരുതുന്നില്ല, എന്നിരുന്നാലും അതൊരു കയ്‌പേറിയ അനുഭവം തന്നെയായിരിക്കും,’ ഫോസ്റ്റര്‍ പറയുന്നു.

തന്റെ പ്രവര്‍ത്തി എങ്ങനെയായിരിക്കും സ്വീകരിക്കപ്പെടുക എന്ന ബോധ്യം റോണാള്‍ഡോക്ക് ഉണ്ടെന്നും ഫോസ്റ്റര്‍ പറഞ്ഞുവെക്കുന്നു.

‘ഇതൊരിക്കലും ശരിയല്ല. കളി തീരാന്‍ മൂന്നോ നാലോ മിനിട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ അവന്‍ സ്വയം കളം വിട്ടുപോയി. ഏത് രീതിയിലാണ് തന്റെ പ്രവര്‍ത്തിയെ വ്യാഖ്യാനിക്കപ്പെടുക എന്ന ഉത്തമമായ ബോധ്യം അവനുണ്ടായിരുന്നു. അവന്റെ സ്ഥാനത്ത് മറ്റേതെങ്കിലും താരമായിരുന്നുവെങ്കില്‍ എല്ലാം ആ നിമിഷം കൊണ്ട് തന്നെ തീര്‍ന്നേനേ,’ ഫോസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 19ന് ടോട്ടന്‍ഹാമിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

ലില്ലി വൈറ്റ്‌സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ച് എറിക് ടെന്‍ ഹാഗ് കളത്തിലിറക്കിയിരുന്നില്ല. അണ്‍യൂസ്ഡ് സബ്സ്റ്റിറ്റിയൂട്ട് ആയ റൊണാള്‍ഡോ മത്സരം അവസാനിക്കും മുമ്പുതന്നെ ഗ്രൗണ്ടില്‍ നിന്നും പോവുകയായിരുന്നു.

മത്സരത്തിന്റെ 90ാം മിനിട്ടിലായിരുന്നു താരം കളം വിട്ടത്. ആഡ് ഓണ്‍ ടൈമായി നാല് മിനിട്ട് അനുവദിച്ചെങ്കിലും അതിന് കാത്തിരിക്കാതെ താരം കളം വിടുകയായിരുന്നു.

റൊണാള്‍ഡോയുടെ പ്രവര്‍ത്തി തീര്‍ത്തും അണ്‍ പ്രൊഫഷണലാണെന്നും ഫുട്‌ബോളിന് ചേരാത്തതാണെന്നുമടക്കം വ്യാപകമായ വിമര്‍ശനമായിരുന്നു സംഭവത്തിന് പിന്നാലെ റൊണാള്‍ഡോക്കെതിരെ ഉയര്‍ന്നത്.

Content highlight: Former Manchester United goal keeper Ben Foster slams Cristiano Ronaldo

We use cookies to give you the best possible experience. Learn more