പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയിരുന്നു. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഗോളാണ് ലിവര്‍പൂളിന് വിജയം നേടിക്കൊടുത്തത്. സിറ്റി ഡിഫന്‍സിലെ പോരായ്മ മറികടന്നുകൊണ്ടായിരുന്നു ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ തോല്‍വിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിചയ സമ്പന്നനായ ഡിഫന്‍ഡര്‍ ജാവോ കാന്‍സെലോക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ റോയ് കെയ്ന്‍.
ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ഇരുടീമുകളും ഗോള്‍ നേടാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. ഒടുവില്‍ മത്സരത്തിന്റെ 76ാം മിനിട്ടില്‍ മുഹമ്മദ് സലയാണ് ലിവര്‍പൂളിനായി മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്.
ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറില്‍ നിന്നും ലഭിച്ച് ലോങ് ബോള്‍ സ്വന്തമാക്കിയ സല, കാന്‍സെലോയെ സ്‌റ്റൈലായി മറികടന്ന് ഗോള്‍ നേടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കാന്‍സെലോയെ വിമര്‍ശിച്ച് കെയ്ന്‍ രംഗത്തെത്തിയത്. സ്‌കൂള്‍ബോയ് ഡിഫന്‍ഡിങ്ങാണ് കാന്‍സെലോയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കെയ്‌നിന്റെ വിമര്‍ശനം.
‘സ്‌കൂള്‍ബോയ് ഡിഫന്‍ഡിങ്. എന്തിനാണ് അവന്‍ അപ്പോള്‍ പന്ത് നേടാന്‍ ശ്രമിച്ചത്. അതില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ സല ഗോള്‍ നേടുമെന്ന് അവന് അറിയുമായിരുന്നില്ലേ.
അവനെ സ്ലോ ചെയ്യിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അവനെ തടഞ്ഞുനിര്‍ത്തണമായിരുന്നു. അപ്പോഴേക്കും സഹതാരങ്ങളെത്തി അവനെ പ്രതിരോധിക്കുമായിരുന്നു.
സ്‌കൂള്‍ബോയ് ഡിഫന്‍ഡിങ്ങാണ് അവന്‍ നടത്തിയത്. അവനെ പോലെ പരിചയ സമ്പന്നനായ ഒരു താരത്തില്‍ നിന്നും ഇത്തരമൊരു തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു,’ കെയ്ന്‍ പറയുന്നു.
സലയുടെ ഒറ്റ ഗോളില്‍ സീസണിസലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത കുതിപ്പിനാണ് അന്ത്യമായത്. ഒടുവില്‍ പെപ്പിനെ തോല്‍പിക്കാന്‍ ക്ലോപ് തന്നെ ഇറങ്ങേണ്ടി വന്നു.
കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 10 മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.