ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഔട്ട് ഓഫ് ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളോട് ആഴ്‌സണല്‍ യുവതാരം ബുക്കായോ സാക്കയില്‍ നിന്നും പഠിക്കാനാവശ്യപ്പെട്ട് മുന്‍ യുണൈറ്റഡ് നായകന്‍ റിയോ ഫെര്‍ഡിനാന്‍ഡ്.
മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്കിപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സാക്കയുടെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാനുമാണ് ഫെര്‍ഡിനാന്‍ഡ് ആവശ്യപ്പെടുന്നത്.
ആഴ്‌സണലിന്റെ കഴിഞ്ഞ മൂന്ന് മത്സരത്തില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു സാക്ക ഗണ്ണേഴ്‌സിന്റെ വിശ്വസ്തനായി മാറിയത്. സീസണിലെ 13 മത്സരത്തില്‍ നിന്നും അഞ്ച് ഗോളും നാല് അസിസ്റ്റും സാക്ക സ്വന്തമാക്കയിട്ടുണ്ട്.
തന്റെ യൂട്യൂബ് ചാനലിലായിരുന്നു ഫെര്‍ഡിനാന്‍ഡ് മാഞ്ചസ്റ്ററിന്റെ മുന്നേറ്റ താരങ്ങളുടെ ആത്മവിശ്വാസമില്ലായ്മയെ കുറിച്ച് പറഞ്ഞത്.
ജേഡന്‍ സാഞ്ചോ, ആന്റണി, ആന്റണി എലാങ്ക എന്നിവരടങ്ങിയ മികച്ച മുന്നേറ്റ നിരയാണ് മാഞ്ചസ്റ്ററിനുള്ളത്. എന്നാല്‍ വിങ്ങര്‍മാര്‍ ഇപ്പോഴും സേഫായി കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഫെര്‍ഡിനാന്‍ഡിന്റെ വിമര്‍ശനം. എന്നാല്‍ വണ്‍ വേഴ്‌സസ് വണ്‍ പൊസിഷനിലും കോണ്‍ഫിഡന്റായാണ് സാക്ക കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ നിമിഷത്തില്‍ ആ പൊസിഷനില്‍ കളിക്കാന്‍ നമുക്ക് താരങ്ങളുണ്ട്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ വൈഡ് ഏരിയകളില്‍ കളിക്കാന്‍ ആഗ്രഹിക്കാതെ പിന്തിരിയുകയാണ്.
അവര്‍ ഫുള്‍ ബാക്കുകളെ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ലീഗിലെ ആരെയും പോലെ സാക്ക അത് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളെ തീര്‍ത്തുകളയും എന്ന തരത്തിലാണ് അദ്ദേഹം എതിരാളികളെ അറ്റാക്ക് ചെയ്യുന്നത്,’ ഫെര്‍ഡിനാന്‍ഡ് പറയുന്നു.
മാഞ്ചസ്റ്ററിന്റെ മറ്റെല്ലാ വിഭാഗവും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ മുന്നേറ്റ നിര കാര്യക്ഷമമായി ആക്രമിച്ച് കളിക്കണമെന്നും അദ്ദേഹം പറയുന്നു.
എട്ട് മത്സരത്തില്‍ നിന്നും മൂന്ന് ഗോളാണ് ആന്റണി സീസണില്‍ സ്വന്തമാക്കിയത്. 12 മത്സരത്തില്‍ നിന്നും സാഞ്ചോ മൂന്ന് ഗോള്‍ നേടിയപ്പോള്‍ എലാങ്കക്ക് ഇനിയും ഗോള്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയമാണ് യുണൈറ്റഡിനുള്ളത്. പത്ത് മത്സരത്തില്‍ നിന്നും ഒമ്പത് ജയവും ഒരു തോല്‍വിയുമായി 27 പോയിന്റോടെ ഒന്നാമതാണ് ആഴ്‌സണല്‍.