|

ടീമിന് പറ്റിയവനല്ല, റൊണാള്‍ഡോയെ പടിയിറക്കി വിട്ട തീരുമാനം എന്തുകൊണ്ടും ശരി; ടെന്‍ ഹാഗിനെ മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

യുവന്റസില്‍ നിന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് വരുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും മാഞ്ചസ്റ്ററിലെത്തി ലോകം കീഴടക്കിയ അലക്‌സ് ഫെര്‍ഗൂസന്റെ പ്രിയ ശിഷ്യന്‍ വീണ്ടും തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നത് മാഞ്ചസ്റ്റര്‍ ആരാധകരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെയും ആവേശത്തിലാഴ്ത്തിയിരുന്നു.

എന്നാല്‍ റൊണാള്‍ഡോയും ആരാധകരും മറക്കാനാഗ്രഹിക്കുന്നതായി ഈ തിരിച്ചുവരവ് മാറി. പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായുള്ള പ്രശ്‌നങ്ങളാണ് റൊണാള്‍ഡോക്ക് പുറത്തേക്കുള്ള വഴി തുറന്നത്.

ഓരോ ദിവസം കഴിയും തോറും ടെന്‍ ഹാഗും റൊണാള്‍ഡോയും തമ്മിലുള്ള ബന്ധം വഷളായി വന്നു. പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖവുമായപ്പോള്‍ മാഞ്ചസ്റ്ററില്‍ റൊണാള്‍ഡോയുടെ സെക്കന്‍ഡ് റണ്ണിന് ഫുള്‍ സ്‌റ്റോപ് വീണുകഴിഞ്ഞിരുന്നു.

ഇപ്പോള്‍ റൊണാള്‍ഡോയെ പുറത്താക്കിയ ടെന്‍ ഹാഗിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് മുന്‍ അസിസ്റ്റന്റ് കോച്ച് സ്റ്റീവ് മെക്ലാറന്‍. 2000ങ്ങളുടെ തുടക്കത്തില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ ഡെപ്യൂട്ടിയായിരുന്നു മെക്ലാറന്‍.

ടീമിന്റെ സ്റ്റാന്‍ഡേര്‍ഡിലേക്ക് റൊണാള്‍ഡോക്ക് ഉയരാന്‍ സാധിച്ചില്ലെന്നും ടെന്‍ ഹാഗിന്റെ തീരുമാനം പൂര്‍ണമായും ശരിയായിരുന്നു എന്നുമാണ് മെക്ലാറന്‍ പറയുന്നത്.

ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം റൊണാള്‍ഡോയെ വിമര്‍ശിച്ചത്.

‘അദ്ദേഹത്തിന്റെ സമീപനത്തെ ഒരിക്കലും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. മികച്ച രീതിയില്‍ ആ സാഹചര്യം കൈകാര്യം ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്. ചില സ്റ്റാന്‍ഡേര്‍ഡുകളും നിയമങ്ങളും ടെന്‍ ഹാഗ് ടീമില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ അദ്ദേഹം കര്‍ശനക്കാരനുമായിരുന്നു. ആ സ്റ്റാന്‍ഡേര്‍ഡുകളിലേക്ക് ഉയരാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കളിക്കാനും സാധിക്കില്ല.

എന്ത് വേണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് താരങ്ങള്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല.

ഇത് നിങ്ങള്‍ കൃത്യമായി പാലിക്കണമായിരുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്ക് കളത്തിലിറങ്ങാന്‍ സാധിക്കില്ല. റൊണാള്‍ഡോയുടെ കാര്യത്തില്‍ ശരിയായ തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്.

മറ്റ് മാനേജര്‍മാരെല്ലാം അതുമായി ഒത്തുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എറിക് അതിന് തയ്യാറായിരുന്നില്ല. അങ്ങനെ ചെയ്യണമെന്ന് ഒരു നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. റാല്‍ഫ് റാഗ്നിക്കും ഒലെയും അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുകൊണ്ടുതന്നെ എറിക് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന് മറ്റ് താരങ്ങളെ തയ്യാറാക്കിയെടുത്തു,’ മക്ലാറന്‍ പറഞ്ഞു.

Content Highlight: Former Manchester United assistant coach Steve McLaren about Eric Ten Hag and Cristiano Ronaldo

Latest Stories