| Wednesday, 12th April 2023, 11:39 am

'ഹാലണ്ട് 1000 ഗോള്‍ തികക്കാന്‍ പോകുന്നു'; സൂപ്പര്‍താരത്തെ പുകഴ്ത്തി ചെല്‍സി ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ നടന്ന ഒന്നാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. പതിവ് പോലെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് മത്സരത്തില്‍ കാഴ്ചവെച്ചത്.

മത്സരത്തിന് ശേഷം താരത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹാലണ്ട് എളുപ്പം 1000 ഗോളുകള്‍ തികക്കുമെന്നാണ് മുന്‍ ചെല്‍സി സൂപ്പര്‍താരം ജോ കോള്‍ പറഞ്ഞത്. ഗോളുകള്‍ പോലെ തന്നെ താരത്തിന്റെ അസിസ്റ്റുകളും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ടി സ്‌പോര്‍ട്ടിനോടാണ് കോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഹാലണ്ടിന്റെ മത്സരം കണ്ട് ഞാന്‍ റിയോ ഫെര്‍ഡിനന്‍ഡിനോട് പറയുകയായിരുന്നു, അവന്‍ 1000 ഗോളുകള്‍ നേടാന്‍ പോവുകയാണെന്ന്. അതുകേട്ട് അവന്‍ ചിരിച്ചു. ഹാലണ്ടിന്റെ ഗോളുകളുടെ എണ്ണം പരിശോധിക്കൂ. ഈ പ്രായത്തില്‍ പരിക്കുകളൊന്നുമില്ലാതെ ഇത്രയും ഗോള്‍ നേടിയിട്ടുണ്ടെങ്കില്‍ അധികം വൈകാതെ തന്നെ 1000 ഗോള്‍ തികയ്ക്കുമെന്നതില്‍ സംശയമില്ല.

ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ ബെര്‍ണാഡോ സില്‍വക്ക് നല്‍കിയ അസിസ്റ്റ് വളരെ മികച്ചതായിരുന്നു. അവന്‍ കൂടുതല്‍ മികച്ച താരമായി മാറുകയാണ്. ഒരു കംപ്ലീറ്റ് ഫുട്‌ബോളറായി മാറാന്‍ അവനെളുപ്പം സാധിക്കും,’ ജോ കോള്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ നടന്ന മത്സരത്തില്‍ ഹാലണ്ടിന് പുറമെ, ബെര്‍ണാഡോ സില്‍വ, റോഡ്രി എന്നിവരും ഓരോ ഗോളുകള്‍ നേടി. ഈ സീസണില്‍ ഇതുവരെ 39 മത്സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് ഹാലണ്ടിന്റെ സമ്പാദ്യം. ഒറ്റ സീസണില്‍ ഇത്ര ഗോളുകള്‍ നേടുന്ന ആദ്യ പ്രീമിയര്‍ ലീഗ് താരമാണ് ഹാലണ്ട്.

ഏപ്രില്‍ 15ന് ലെയ്സ്റ്റര്‍ സിറ്റിക്കെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.

Content Highlights: Former Manchester player Joe Cole praises Erling Haaland

We use cookies to give you the best possible experience. Learn more